ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച പശ്ചാത്തലത്തില്‍ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാന്‍ പാലക്കാട് എത്തിയേക്കുമെന്ന് വിവരം. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന് വോട്ട് ഉള്ളത്. രാഹുല്‍ താമസിക്കുന്ന ഫ്‌ലാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഈ വാര്‍ഡ് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍, എംഎല്‍എ ആയ ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പാണിത്.

ബംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ രാഹുലിന് ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പിന്നാലെയാണ് രാഹുല്‍ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹം സജീവമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ രാഹുല്‍ പാലക്കാട് സജീവമായിരുന്നു. ബലാത്സംഗ കേസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി ലഭിച്ചതോടെയാണ് രാഹുല്‍ ഒളിവില്‍ പോകുന്നത്.

എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരായി ഒപ്പിടണമെന്ന ഉപാധിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നതാണ് രണ്ടാമത്തെ കേസ്. യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയില്‍ ആയി നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു. ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത അവസരത്തില്‍ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല. ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓണ്‍ലൈനില്‍ ബന്ധപ്പെടാന്‍ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയല്‍ സന്ദേശം അയച്ച് പരാതി പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.

പരാതിയില്‍ ഒരിടത്തും പരാതിക്കാരിയുടെ പേരോ, പീഡനം നടന്നു എന്ന് ആരോപിക്കുന്ന തീയതിയോ സ്ഥലമോ വ്യക്തമാക്കാത്തതില്‍നിന്ന് പരാതി രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയാണെന്ന് വ്യക്തമാണെന്നായിരുന്നു പ്രതിഭാഗം വാദം. 2023-ല്‍ ഏതോ ഒരു ഹോംസ്റ്റേയില്‍ വച്ച് പീഡനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. അവ്യക്തമായുള്ള പരാതി, രാഹുലിനെതിരായ ആദ്യ കേസ് കോടതി പരിഗണിച്ച ശേഷമാണ് ഉണ്ടായതെന്നതില്‍ നിന്ന് പരാതിക്കു പിന്നിലെ ദുരൂഹത വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതി യാഥാര്‍ഥ്യം ആണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പരാതിക്കാരി വ്യക്തമായ മൊഴി നല്‍കിയ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്തതെന്ന് യുവതി മൊഴിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ബന്ധം സ്ഥാപിച്ചത്. സംസാരിക്കാനെന്നു പറഞ്ഞാണ് ഹോംസ്റ്റേയിലെ മുറിയിലേക്ക് കൊണ്ട് പോയത്. ശരീരമാകെ മുറിവേല്‍പ്പിച്ചു കൊണ്ടുള്ള ലൈംഗിക അതിക്രമമാണ് നടത്തിയതെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കുന്നു.

‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് പറഞ്ഞു കൊണ്ടിരുന്നു. ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു. ലൈംഗിക അതിക്രമത്തിനു ശേഷം വിവാഹം ചെയ്യാനാകില്ലെന്ന് അറിയിച്ചു. മാനസികമായും ശാരീരികമായും തകര്‍ന്നു പോയി. വീണ്ടും ബന്ധം പുനഃസ്ഥാപിക്കാന്‍ രാഹുല്‍ പിന്നാലെ നടന്നു. ഫോണ്‍ എടുത്തില്ലെങ്കില്‍ അസഭ്യം വിളിക്കുമായിരുന്നു. നമുക്ക് ഒരു കുഞ്ഞു വേണം എന്ന വിചിത്ര ആവശ്യവും രാഹുല്‍ ഉന്നയിച്ചു. കേസുമായി മുന്നോട്ട് പോകാന്‍ ഭയമുണ്ടെന്നും യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൊഴി സീല്‍ വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, ആദ്യ പീഡനക്കേസില്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചെങ്കിലും ഹൈക്കോടതി 15 വരെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*