ലോക്സഭയിൽ അമിത്ഷാ രാഹുൽ പോര്. തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം കഴിഞ്ഞ നാല് മാസമായി നുണപ്രചാരണം നടത്തുകയാണെന്ന് അമിത്ഷാ ആരോപിച്ചു.ഏതു വിഷയത്തിലും സഭയുടെ നടപടിക്രമം അനുസരിച്ച് ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് വേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിന്റെ ആജ്ഞകൾക്കനുസരിച്ചല്ല തീരുമാനമെടുക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമവിരുദ്ധമായി നുഴഞ്ഞുകയറിയവരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചോരി ആദ്യം നടത്തിയത് നെഹ്റുവും ഇന്ദിര ഗാന്ധിയുമാണ്. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തിയെന്നും ഇതെല്ലാം ചരിത്രമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. എന്നാൽ ആഭ്യന്തരമന്ത്രിയുടെ വാദത്തെ കെ സി വേണുഗോപാൽ എതിർക്കുകയാണ് ഉണ്ടായത്. സോണിയ ഗാന്ധി അങ്ങനെ ഒരു വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉണ്ടെങ്കിൽ അത് തെളിയിക്കണമെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു.
അതേസമയം, തന്റെ വാർത്താസമ്മേളനത്തെപ്പറ്റി പാർലമെന്റിൽ ചർച്ച നടത്താം എന്ന് രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. എന്നാൽ രാഹുൽ ഗാന്ധിയുടെ തീരുമാനങ്ങൾക്കനുസരിച്ച് സഭാ നടപടികൾ നടക്കില്ലെന്നും താൻ എപ്പോൾ സംസാരിക്കണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു.
പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. ആഭ്യന്തരമന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം ഭയന്ന് ഓടുകയാണെന്നും അമിത്ഷായുടെ മറുപടി കേൾക്കാൻ പോലുമുള്ള ക്ഷമത പ്രതിപക്ഷത്തിന് ഇല്ലെന്നും കിരൺ റിജിജു പരിഹസിച്ചു. എന്നാൽ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിനെക്കുറിച്ച് താൻ സംസാരിച്ചപ്പോൾ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.



Be the first to comment