മുംബൈ: മൂന്ന് ദിവസം തുടര്‍ച്ചയായി നഷ്ടം നേരിട്ട ഓഹരി വിപണി തിരിച്ചുകയറി. ഇന്ന് വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് മുന്നേറിയത്. തുടക്കത്തില്‍ നഷ്ടത്തിലായിരുന്നു ഓഹരി വിപണി. എന്നാല്‍ കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടാമെന്ന ചിന്തയില്‍ നിക്ഷേപകര്‍ ഒന്നടങ്കം വിപണിയിലേക്ക് എത്തിയതാണ് വിപണി തിരിച്ചുകയറാന്‍ കാരണം.
അമേരിക്കയിലെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിച്ചു. ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ ഏറ്റവുമധികം താത്പര്യം കാണിച്ചത് ഐടി, ഓട്ടോ, മെറ്റല്‍, റിയല്‍റ്റി, ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖഖലകളിലാണ്. മെറ്റല്‍ ഓഹരികള്‍ മാത്രം ഒരു ശതമാനമാണ് ഉയര്‍ന്നത്.
യുഎസ് ഫെഡറല്‍ റിസര്‍വ് തീരുമാനത്തിനെ തുടര്‍ന്ന് ഇന്നലെ അമേരിക്കന്‍ വിപണി നേട്ടത്തോടെയാണ് വ്യാപാരം അവസാനിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ വിപണിയും നേട്ടം സ്വന്തമാക്കിയത്. അതിനിടെ രൂപ വീണ്ടും ഇടിഞ്ഞു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 17 പൈസയുടെ നഷ്ടത്തോടെ 90ന് മുകളിലാണ് രൂപയുടെ മൂല്യം. 90.11 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിച്ചത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്.



Be the first to comment