‘കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതോ? ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്’ ; ഹൈക്കോടതി

കൊച്ചി: മഹാത്മ ഗാന്ധിയുടെ വാക്കുകള്‍ നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ലെന്ന് ഹൈക്കോടതി. സൂരജ് ലാമയുടെ തിരോധാനത്തില്‍ മകന്‍ സാന്റണ്‍ ലാമ നല്‍കിയ ഹര്‍ജി പരിഗണിക്കെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെപ്പെട്ടെന്നും മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ മനസ്സിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യ എന്നേ നന്നായേനേയെന്നും ഹൈക്കോടതി പറഞ്ഞു.

‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. സൂരജ് ലാമയുടെ കാര്യത്തില്‍ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികള്‍ക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാര്‍ ആര്‍ക്കും പ്രധാനമല്ല’ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കുവൈത്തില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന സൂരജ് ലാമ (58) അവിടെ മദ്യദുരന്തത്തിന് ഇരയായി ഓര്‍മ്മ നഷ്ടപ്പെട്ടയാളാണ്. കുവൈത്തില്‍നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട സൂരജിനെ ഇവിടെയെത്തിയ ശേഷം കാണാതാകുകയായിരുന്നു. അതേസമയം കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതില്‍ ഫൊറന്‍സിക് ഫലം ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.

സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തെ കുവൈത്തില്‍നിന്നു കയറ്റി വിട്ടതു സംബന്ധിച്ച രേഖകള്‍ കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പൊലീസിന്റെ രേഖ എവിടെയെന്നു കോടതി ചോദിച്ചു.

‘ആരും കൂടെപ്പോയില്ല. ആരാണ് ആംബുലന്‍സിന് പണം നല്‍കിയത്? അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ചുരുക്കത്തില്‍, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു. കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതു പോലെ എന്ന് മുന്‍പു പറഞ്ഞത് ആവര്‍ത്തിക്കേണ്ടി വരുന്നു” കോടതി അഭിപ്രായപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*