ചെന്നൈ: പുരുഷ ജൂനിയർ വേൾഡ് കപ്പ് ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വെങ്കല മെഡൽ. ചെന്നൈയിലെ മേയർ രാധാകൃഷ്‌ണൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജന്‍റീനയെ 4-2 ന് ഇന്ത്യ പരാജയപ്പെടുത്തി. 2 ഗോളിനു പിന്നിലായശേഷം അവസാന ക്വാർട്ടറിൽ 4 ഗോൾ തിരിച്ചടിച്ചാണ് ഇന്ത്യ മിന്നും ജയം സ്വന്തമാക്കിയത്. 2016നു ശേഷം ആദ്യമായാണ് ഇന്ത്യ പോഡിയത്തിൽ സ്ഥാനം പിടിച്ചത്. ഇന്ത്യൻ ടീമിനായി അങ്കിത് പാൽ (49′), മൻമീത് സിംഗ് (52′), ശാരദ നന്ദ് തിവാരി (57′), അൻമോൾ എക്ക (58′) എന്നിവർ ഗോൾ നേടിയപ്പോൾ, നിക്കോളാസ് റോഡ്രിഗസ് (3′) സാന്‍റിയാഗോ ഫെർണാണ്ടസ് (44′) എന്നിവര്‍ അർജന്‍റീനയ്ക്കായി വലകുലുക്കി.
മത്സരത്തിന്‍റെ മൂന്നാം മിനിറ്റിൽ തന്നെ നിക്കോളാസ് റോഡ്രിഗസിന്‍റെ പെനാൽറ്റി കോർണറിലൂടെ അർജന്‍റീനയാണ് മികച്ച തുടക്കം കുറിച്ചത്. ആദ്യ ക്വാർട്ടറിൽ ഇന്ത്യയ്‌ക്ക് കാര്യമായൊന്നും സൃഷ്ടിക്കാൻ കഴിഞ്ഞില്ല. 31-ാം മിനിറ്റിൽ ഇന്ത്യക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. മറുവശത്ത്, അർജന്‍റീന ഇന്ത്യയ്‌ക്കെതിരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തി, 44-ാം മിനിറ്റിൽ സാന്‍റിയാഗോ ഫെർണാണ്ടസ് ഒരു ഷോർട്ട് കോർണറിൽ നിന്ന് ഗോൾ നേടിയതോടെ അവരുടെ ലീഡ് ഇരട്ടിയായി.
നാലാം ക്വാർട്ടറിൽ, 49–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്നു ഗോൾ നേടിയ അൻകിത് പാലാണ് ഇന്ത്യയുടെ തിരിച്ചുവരവിനു തുടക്കമിട്ടത്. നാല് മിനിറ്റിനുശേഷം, പെനാൽറ്റി കോർണറിൽ നിന്ന് മറ്റൊരു ഫ്ലിക്കിലൂടെ മൻമീത് സിംഗ് സ്കോറുകൾ സമനിലയിലാക്കി. 57–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച് ശാർദാനന്ദ് തിവാരി ഇന്ത്യയ്ക്കു ലീഡ് നൽകി. ഒരു മിനിറ്റിനുശേഷം അൻമോൽ യീക്ക നാലാം ഗോളും നേടി ജയമുറപ്പിച്ചു.
ഇന്ത്യയുടെ കന്നിവെങ്കല നേട്ടം
രണ്ട് സ്വർണ്ണ മെഡലുകളും (2001, 2016) ഒരു വെള്ളി മെഡലും (1997) നേടിയ ശേഷം ഇന്ത്യ വെങ്കല മെഡൽ നേടുന്നത് ഇതാദ്യമാണ്, 2005 ൽ മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേഓഫിൽ പെനാൽറ്റി സ്ട്രോക്കുകളിൽ സ്പെയിനിനോട് പരാജയപ്പെട്ടതിനെത്തുടർന്ന് ടീം വെങ്കല മെഡൽ നഷ്ടപ്പെടുത്തിയിരുന്നു. അതേസമയം ചരിത്ര വിജയത്തില്‍ കളിക്കാർക്ക് ഹോക്കി ഇന്ത്യ സമ്മാനത്തുകയും പ്രഖ്യാപിച്ചു.
ഓരോ കളിക്കാരനും 5 ലക്ഷം രൂപയും സപ്പോർട്ട് സ്റ്റാഫിന് 2.5 ലക്ഷം രൂപയും നല്‍കും. അതേസമയം ഹോക്കി ലോകകപ്പ് ഫൈനൽ മത്സരത്തിൽ സ്പെയിനും ജർമ്മനിയും തമ്മിൽ ഏറ്റുമുട്ടി, പെനാൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനിനെ 3-2 ന് പരാജയപ്പെടുത്തി ജർമ്മനി തങ്ങളുടെ എട്ടാം കിരീടം സ്വന്തമാക്കി.



Be the first to comment