മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ വഖഫ് സംരക്ഷണ വേദി നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. സർക്കാർ നൽകിയ തടസ്സ ഹർജിയും കോടതി പരിഗണിക്കും. ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
മുനമ്പത്തെ തർക്കഭൂമി വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ കേരള ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹർജി നൽകിയിരിക്കുന്ന കേരള വഖഫ് സംരക്ഷണ വേദിയുടെ വാദം. വഖഫ് ആയി വിജ്ഞാപനം ചെയ്തിട്ടുള്ള ഭൂമി സംബന്ധിച്ച തർക്കം ഉണ്ടായാൽ വഖഫ് ട്രിബ്യുണലിന് മാത്രമേ അതിൽ തീർപ്പു കൽപ്പിക്കാൻ കഴിയൂ. നേരിട്ട് ഫയൽ ചെയ്യുന്ന റിട്ട് അപ്പീലിൽ തീർപ്പ് കൽപ്പിക്കാൻ ഹൈക്കോടതിക്ക് അവകാശമില്ലെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് കേരള വഖഫ് ബോർഡ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അതിനാൽ വഖഫ് ട്രിബ്യുണലിനെ മറികടന്ന് ഉത്തരവിറക്കിയ ഹൈക്കോടതി നടപടി തെറ്റാണെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.
മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് വിധിക്കാൻ സംസ്ഥാന സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഭരണഘടനയുടെ 226-ാം അനുച്ഛേദ പ്രകാരമുള്ള അധികാരം സ്വമേധയാ ഉപയോഗിച്ചാണ് കേരള ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന് ഉത്തരവിറക്കിയതെന്നും ഹർജിക്കാർ ആരോപിക്കുന്നു.



Be the first to comment