നടന്നു ‘തെണ്ടല്‍’ വേണ്ടെന്ന് മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്; സംഭാവന പിരിവിനെക്കുറിച്ച് എം എ ബേബി

കൊല്ലം: സംഭാവന പിരിക്കാന്‍ പാടില്ലെന്നാണു മാര്‍ക്‌സ് പറഞ്ഞിട്ടുള്ളതെന്നു സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. അന്ന് ഇടത്തരം കുടുംബത്തില്‍ പിറന്ന മാര്‍ക്‌സിന്റെ മനോഭാവമാണത്. സുഹൃത്തായ ലാസെല്ലയോട് മാക്‌സ് പറഞ്ഞ കാര്യവും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

”ശരിയായതും തെറ്റായതുമായ പലതും കാള്‍ മാര്‍ക്‌സ് പറഞ്ഞിട്ടുണ്ട്. സംഭാവന പിരിക്കാന്‍ പാടില്ലെന്നാണു മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. അക്കാലത്ത് ഇടത്തരം കുടുംബത്തില്‍ പിറന്ന മാര്‍ക്‌സിന്റെ ഒരു മനോഭാവമാണത്. പ്രവര്‍ത്തനം നടത്താന്‍ കുറച്ചു പണം വേണമെന്ന് ലാസെല്ലയോട് മാര്‍ക്‌സ് ആവശ്യപ്പെടുകയുണ്ടായി. എന്റെ കയ്യിലുള്ള പണം എല്ലാം അയച്ചു. വേണമെങ്കില്‍ ആളുകളില്‍ നിന്നു പിരിവെടുത്ത് അയച്ചു തരാമെന്ന് ലാസെല്ല മറുപടി പറഞ്ഞപ്പോഴാണ് ‘നടന്നു തെണ്ടല്‍’ വേണ്ടെന്നു മാര്‍ക്‌സ് പറഞ്ഞത്”.

ശ്രീനാരായണ കോളജ് മലയാള വിഭാഗം നടത്തിയ കെ പി അപ്പന്‍ അനുസ്മരണവും കെ പി അപ്പന്‍ ചെയര്‍ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ബേബി. നിരൂപണകല എന്നു പറയാവുന്ന സ്വതന്ത്രമായ അസ്തിത്വമുള്ള സര്‍ഗാത്മക പ്രവര്‍ത്തനമാണ് കെ പി അപ്പന്‍ നടത്തിയതെന്നു ബേബി പറഞ്ഞു. കെ പി അപ്പന്റെ സാഹിത്യ സാംസ്‌കാരിക സത്ത മൂന്നു തലങ്ങളില്‍ വ്യാപിച്ചു കിടക്കുന്നുണ്ട്. സ്‌നേഹി, സന്ദേഹി, സ്വാതന്ത്ര്യദാഹി എന്നിവയാണ് അത്. സ്‌നേഹഗായകനായ കുമാരനാശാന്റെ കൃതികള്‍ വളരെ സ്വാധീനിച്ചിരുന്നു. അപ്പന്റെ കൃതികളിലും പെരുമാറ്റത്തിലും ആ സ്‌നേഹം കാണാനാകും. എന്നാല്‍ ഏറ്റവും കൂടുതല്‍ സ്‌നേഹമുണ്ടായിരുന്നത് അദ്ദേഹം സംസാരിക്കുന്നതിനും എഴുതുന്നതിനും തെരഞ്ഞെടുത്ത വാക്കുകളോടാണെന്നും ബേബി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*