ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്. 45,875 പേരാണ് 12 മണി വരെ ദർശനം നടത്തിയത്. ഒരു മണിക്കൂറിൽ 3,875 പേർ പതിനെട്ടാംപടി ചവിട്ടി. മരക്കൂട്ടം മുതൽ വലിയ തിരക്കാണ് രാവിലെ ഉണ്ടായത്. തിരക്ക് കണക്കിലെടുത്ത് ഘട്ടം ഘട്ടമായാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.ഇന്നലെ മാത്രം ദർശനം നടത്തിയത് 92,041 ഭക്തരാണ്.ദർശനത്തിനായി സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ശബരിമലയിലെത്തി.ദർശനം പൂർത്തിയാക്കി വൈകുന്നേരത്തോടെ മലയിറങ്ങും.
അതേസമയം ശബരിമല മണ്ഡലപൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചു. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് ആരംഭിച്ചിട്ടുള്ളത്.ഡിസംബർ 26 ന് 30,000 പേർക്കും, ഡിസംബർ 27 ന് 35,000 പേർക്കും അവസരം ലഭിക്കും.സ്പോട്ട് ബുക്കിംഗ് വഴി 5,000 ഭക്തരെ വീതം ഈ ദിവസങ്ങളിൽ അനുവദിക്കും.sabarimalaonline.org എന്ന വെബ്സൈറ്റിലൂടെയാണ് ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.
മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എഡിഎം ഡോ. അരുൺ എസ് നായർ ഐഎഎസ്. സന്നിധാനം ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന നാലാമത് ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷിതമായ ദർശനം ഉറപ്പാക്കുന്നതിനും വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ഭക്തർ ദർശനത്തിനെത്താൻ ശ്രദ്ധിക്കണം.
ആരോഗ്യപ്രശ്നങ്ങളുള്ളവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ, വയോധികർ, ചെറിയ കുട്ടികളുമായി വരുന്നവർ എന്നിവർ പരമ്പരാഗത കാനനപാത ഒഴിവാക്കി നിലയ്ക്കൽ-പമ്പ റൂട്ട് വഴി സന്നിധാനത്തെത്തണമെന്ന് എഡിഎം നിർദ്ദേശിച്ചു. കാനനപാതയിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര വൈദ്യസഹായവും ആംബുലൻസ് സൗകര്യവും ലഭ്യമാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. നിലവിൽ വനപാലകരും അഗ്നിശമനസേനയും എൻ ഡി ആർ എഫും ഏറെ പണിപ്പെട്ടാണ് കാനനപാതയിൽ അവശരാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റുന്നത്.



Be the first to comment