കേരളം ഉറ്റുനോക്കിയ കേസ്; നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഉടന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഉടന്‍. വിചാരണക്കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിക്കുന്നത്. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത ഒന്നു മുതല്‍ ആറു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി എച്ച് സലിം എന്ന വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് കുറ്റക്കാര്‍. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേല്‍ രണ്ടു മണിക്കൂര്‍ വാദം കേട്ടിരുന്നു.

കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, അന്യായമായി തടവിലാക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യത ലംഘിച്ച് അപകീര്‍ത്തികരമായ ചിത്രമെടുക്കല്‍, ലൈംഗികചൂഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍, തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന, തൊണ്ടിമുതല്‍ ഒളിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ശിക്ഷയിന്മേല്‍ വാദത്തിനിടെ പ്രതികള്‍ കുടുംബപ്രാരാബ്ധങ്ങള്‍ ഉന്നയിച്ച ശിക്ഷയിന്മേല്‍ ഇളവ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയും ആറാം പ്രതി പ്രദീപും കോടതിയില്‍ പൊട്ടിക്കരഞ്ഞു. വീട്ടില്‍ വൃദ്ധയായ അമ്മ മാത്രമേയുള്ളൂവെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും മുഖ്യപ്രതി പള്‍സര്‍ സുനി ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികള്‍ക്ക് ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

എട്ടുവര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിനാണ് ശിക്ഷാവിധിയോടെ വിചാരണക്കോടതിയില്‍ പരിസമാപ്തി കുറിക്കുന്നത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ അതിക്രമിച്ചുകയറി, യുവനടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2017 ഫെബ്രുവരി 17 നാണ് കൊച്ചിയിൽ വെച്ച് യുവനടി ആക്രമിക്കപ്പെടുന്നത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വൈരാ​ഗ്യം മൂലം നടൻ ദിലീപ് മുഖ്യപ്രതി പൾസർ സുനിക്ക് ആക്രമണത്തിനുള്ള ക്വട്ടേഷൻ നൽകുകയായിരുന്നു എന്നായിരുന്നു പൊലീസ് വാദം. എന്നാൽ ​ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് അടക്കമുള്ള പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*