കോട്ടയത്ത് ബോൺ നത്താലെ റാലിയിൽ പങ്കെടുത്ത് ആയിരങ്ങൾ

കോട്ടയം: ഡിസംബർ മാസത്തിൻ്റെ സായാഹ്നത്തിൽ ക്രിസ്‌മസ് വരവറിയിച്ച് പാപ്പാമാരെത്തി. ബോൺ നത്താലേ സീസൺ അഞ്ചിൻ്റെ ഭാഗമായാണ് ക്രിസ്‌മസ് പാപ്പാമാരുടെ റാലി സംഘടിപ്പിച്ചത്. സിറ്റിസണ്‍ ഫോറം, നഗരസഭ എന്നിവർ ചേർന്ന് നടത്തിയ വിളംബര റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാണ് റാലി ആരംഭിച്ചത്. നഗരത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പാപ്പാമാരുടെ വേഷമണിഞ്ഞ് നഗര വീഥിയിലൂടെ നീങ്ങി. 

ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് റാലി ഫ്ലാഗ്‌ഓഫ് ചെയ്‌തു. പപ്പാമാരുടെ റാലി കാണാൻ നിരവധി ആളുകളാണ് നഗരത്തിൽ എത്തിയത്. സ്വർണാമാനുകൾ വലിക്കുന്ന ക്രിസ്‌മസ് തേരിൽ പാപ്പമാർ ജനങ്ങൾക്ക് ക്രിസ്‌മസ് സന്ദേശം നൽകി. ക്രിസ്‌മസ് ട്രെയിനും മറ്റ് നിശ്ചല ദൃശ്യങ്ങളും റാലിക്ക് ഭംഗി പകർന്നു. നഗരത്തെ ആഘോഷത്തിലേക്ക് ക്ഷണിച്ച് ബോൺ നത്താലെ പൊതുസമ്മേളനം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്‌തു. 

കോട്ടയം അതിരൂപതാ വികാരി ജനറൽ ഫാ മൈക്കിൾ വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി ഡയറക്‌ടർ ഫാ ഡോ. ബിനു കുന്നത്ത്, കെഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, സിറ്റിസൺ ഫോറം പ്രസിഡൻ്റ്  ഫാ. സാബു കൂടപ്പാട്ട്, ഫാ. സന്തോഷ് മാത്തൻകുന്നേൽ, ഫാ.സോജി കന്നാലിൽ, ഫാ. ജയിംസ് കുന്നത്ത്, സിസ്‌റ്റർ ലിസി സെബാസ്‌റ്റ്യൻ, ഫാ. ഫിൽമോൻ കളത്ര, സിസ്‌റ്റർ ആലീസ് മണിയങ്ങാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*