മാംസം കഴിക്കുന്നത് നിർത്തിയാൽ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ

മാംസാഹാരങ്ങൾ ഒഴിവാക്കി സസ്യാഹാരത്തിലേക്ക് മാറുന്നത് ദഹനവ്യവസ്ഥയ്ക്കും കുടലിന്റെ ആരോ​ഗ്യത്തിലും ​ഗണ്യമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് ചെന്നൈ അപ്പോളോ ക്ലിനിക്കിലെ ഫാമിലി ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. യശോദ കുമാർ റെഡ്ഡി പറയുന്നു. സസ്യാഹാരത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

മാത്രമല്ല, ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലുള്ള നാരുകൾ ബിഫിഡോബാക്ടീരിയ, ലാക്റ്റോബാസിലി തുടങ്ങിയ നല്ല ബാക്ടീരിയകൾക്ക് ആഹാരമാണ്. ഇത് പിന്നീട് ദഹിച്ച് ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡുകൾ (SCFAs) ഉണ്ടാകുന്നതിന് കാരണമാകുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കാനും കുടലിന്റെ പാളിയെ സംരക്ഷിക്കാനും SCFA സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

നാരുകൾ കൂടുതലായി കഴിക്കുന്നത് മലവിസർജനം സുഗമമാക്കാനും മലബന്ധം ഒഴിവാക്കാനും സഹായിക്കും. കൃത്യമായ സസ്യാഹാരം ശീലമാക്കുന്നത് ചീത്ത കൊളസ്‌ട്രോൾ, രക്തസമ്മർദം, അമിതവണ്ണം, പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നും ഡോക്ടർ പറയുന്നു.

ഇതിനായി വെളുത്തുള്ളി, ഉള്ളി, ഓട്‌സ്, ബാർലി, പയറുവർഗ്ഗങ്ങൾ, വാഴപ്പഴം, തൈര്, മോര്, ഇഡ്ഡലി, ദോശ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇത് കുടലിലെ നല്ല ബാക്ടീരിയയെ പ്രോത്സാഹിപ്പിക്കും പ്രീബയോട്ടിക്സായി പ്രവർത്തിക്കുന്നു. എന്നാൽ മാംസാഹാരത്തിൽ നിന്ന് പെട്ടെന്ന് സസ്യാഹാരത്തിലേക്ക് മാറുമ്പോൾ ചിലർക്ക് ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടാം. സാവധാനം നാരുകളുടെ അളവ് കൂട്ടുകയും അതനുസരിച്ച് വെള്ളം കുടിക്കുകയും ചെയ്യുന്നത് ആരോ​ഗ്യകരമായ ഒരു സസ്യാഹാര ഡയറ്റ് പിന്തുടരാൻ സഹായിക്കും.

എന്നാൽ കൃത്യമായ ക്രമീകരണമില്ലെങ്കിൽ ഇതേ ഭക്ഷണരീതി ആരോഗ്യത്തെ വിപരീതമായി ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വിറ്റാമിൻ ബി12, ഇരുമ്പ്, കാൽസ്യം, ഒമേഗ-3 കൊഴുപ്പുകൾ എന്നിവയുടെ കുറവിന് ഈ രീതി ചിലപ്പോൾ കാരണമായേക്കാം. ഇത് എല്ലു പൊട്ടുക, ഇൻസുലിൻ പ്രതിരോധം, മറ്റ് മെറ്റബോളിക് പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യത വർധിപ്പിച്ചേക്കാമെന്നും അദ്ദേഹം പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*