നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തി. തെളിഞ്ഞ കുറ്റങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിട്ടുള്ളതെന്നും പരിപൂര്‍ണ നീതി ലഭിച്ചിട്ടില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വി അജ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികള്‍ക്ക് 20 വര്‍ഷ തടവെന്ന കുറഞ്ഞ ശിക്ഷ കോടതി നല്കുന്ന ഔദാര്യമല്ലെന്നും ഇത് പ്രോസിക്യൂഷന്റെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസില്‍ ഇത്തരമൊരു കുറഞ്ഞ ശിക്ഷ നല്‍കുന്നത് നീതിപീഠത്തെ സംബന്ധിച്ച തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറയുന്നു. നീതിക്ക് വേണ്ടിയാണ് വര്‍ഷങ്ങളോളം തങ്ങള്‍ കോടതിയില്‍ വെന്തുനീറിയത്. നീതി കിട്ടിയില്ലെന്നല്ല പരിപൂര്‍ണ നീതി കിട്ടിയില്ല എന്നാണ് പ്രോസിക്യൂഷന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിലീപിനെ ഉള്‍പ്പെടെ വെറുതെ വിടുന്ന സാഹചര്യം ഉണ്ടായതെങ്ങനെയെന്നും സമര്‍പ്പിച്ചിട്ടും സ്വീകരിക്കാതെ പോയ തെളിവുകള്‍ ഏതൊക്കെയെന്നും ജഡ്ജ്മെന്റ് പൂര്‍ണമായി വായിച്ച ശേഷമേ പ്രതികരിക്കാനാകൂ എന്ന് അദ്ദേഹം പറഞ്ഞു. ശിക്ഷാ വിധി കുറഞ്ഞ് പോയതില്‍ അപ്പീല്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 5 ലക്ഷം വീതം പിഴ അത്ജീവിതയ്ക്ക് നല്‍കണമെന്നുമാണ് വിധി. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക ജയില്‍വാസം അനുഭവിക്കണം.
പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, ബി മണികണ്ഠന്, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ കുടുംബപശ്ചാത്തലങ്ങള്‍ വിവരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന് സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.



Be the first to comment