‘അവള്‍ക്കാണ് ജീവപര്യന്തം കിട്ടിയിരിക്കുന്നത്, അവള്‍ക്ക് അമ്മയുണ്ടോ കുടുംബമുണ്ടോ ജീവിതമുണ്ടോ എന്ന് പരിഗണിച്ചതേയില്ല’ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് നല്‍കിയത് 20 വര്‍ഷത്തെ കഠിന തടവ് മാത്രമാണെന്നതില്‍ തനിക്ക് കടുത്ത നിരാശയും സങ്കടവുമുണ്ടെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. പ്രതികള്‍ക്കല്ല യഥാര്‍ഥത്തില്‍ അതിജീവിതയ്ക്കാണ് ജീവപര്യന്തം തടവ് ലഭിച്ചിരിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. അവളെ ഈ ദുരവസ്ഥയിലാക്കിയവര്‍ ഈ വളരെ ചെറിയ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി സുഖമായി ജീവിക്കുന്നത് അവള്‍ക്ക് കാണേണ്ടി വരുമെന്ന് ഭാഗ്യലക്ഷ്മി  പറഞ്ഞു.

അവളുടെ രോദനം പരിഗണിക്കാതെയാണ് ശിക്ഷയെന്നാണ് ആക്രമിക്കപ്പെട്ട നടിയോട് വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ഭാഗ്യലക്ഷ്മിയുടെ അഭിപ്രായം. പ്രതികളുടെ കുടുംബവും പ്രായവും മുന്നോട്ടുള്ള ജീവിതവുമെല്ലാം പരിഗണിച്ച കോടതി അവള്‍ക്ക് അമ്മയുണ്ടോ കുടുംബമുണ്ടോ അവള്‍ക്ക് മുന്നോട്ട് ജീവിതമുണ്ടോ എന്നൊന്നും നോക്കിയില്ലെന്ന് ഭാഗ്യലക്ഷ്മി വിമര്‍ശിച്ചു. അവള്‍ വെന്തുനീറിയതും കരഞ്ഞതും പരിഗണിച്ചില്ലെന്നും ഈ ചെറിയ ശിക്ഷാ കാലാവധി ദാ എന്ന് പറയുന്നതിന് മുമ്പ് അവസാനിക്കുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക ജയില്‍വാസം അനുഭവിക്കണം.

പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികളുടെ കുടുംബപശ്ചാത്തലങ്ങള്‍ വിവരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് പ്രതിഭാഗം വാദിച്ചിരുന്നത്. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം.

Be the first to comment

Leave a Reply

Your email address will not be published.


*