പാലാ ആര് ഭരിക്കും? ജോസ് കെ മാണിയുടെ തട്ടകത്തില്‍ നിര്‍ണായകമാകുന്നത് പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം

കേരള കോണ്‍ഗ്രസ് എമ്മിന്റെയും ജോസ് കെ മാണിയുടേയും തട്ടകമായ പാല നഗരസഭ ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ പുളിക്കകണ്ടം കുടുംബത്തിന്റെ തീരുമാനം നിര്‍ണായകം. കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യുഡിഎഫിന് അവര്‍ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണയോടെ തിരികെ പിടിക്കാം. ഇതോടെ പാല നഗരസഭ ഭരണം എല്‍ഡിഎഫ് നഷ്ടമായേക്കും.

26 വാര്‍ഡുകളുള്ള പാലാ നഗരസഭയില്‍ 12 സീറ്റുകളില്‍ മുന്നിലെത്തി എല്‍ഡിഎഫാണ് എറ്റവും വലിയ മുന്നണി. എന്നാല്‍ പത്ത് സീറ്റുകളില്‍ വിജയിച്ച യുഡിഎഫിന് അവര്‍ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം. സ്വതന്ത്രരായി മത്സരിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും വിജയിച്ചു. കഴിഞ്ഞ ഭരണസമിതിയിലെ ഇടത് അംഗവും സിപിഎം നേതാവുമായിരുന്ന ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം സഹോദരന്‍ ബിജു, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14, 15 വാര്‍ഡുകളിലായിരുന്നു ഇവരുടെ മത്സരം. ഇവിടെ വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും നിര്‍ണായകമാകും.

20 വര്‍ഷമായി കൗണ്‍സിലറായി വിജയിക്കുന്ന ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ച് വിജയിച്ചിരുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ നിന്ന് സിപിഎം ചിഹ്നത്തില്‍ വിജയിച്ച ഏകയാളുമായിരുന്ന ബിനു, ജോസ് കെ.മാണിയെ പരസ്യമായി വിമര്‍ശിച്ചിരുന്ന ബിനുവിന് കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദംമൂലം കഴിഞ്ഞ തവണ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ സിപിഎം തയ്യാറായില്ല.

കേരള കോണ്‍ഗ്രസു(എം)മായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ബിനുവിനെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇക്കുറി വീണ്ടും സ്വതന്ത്രനായി രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 17 വാര്‍ഡുകളിലാണ് വിജയിച്ച് ഭരണം പിടിച്ചെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*