‘എം എം മണി അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞത്, ആര്യാ രാജേന്ദ്രന്റെ പ്രവര്‍ത്തനം മാതൃകാപരം’

തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെ പിന്തുണച്ചും വിവാദപ്രസ്താവന നടത്തിയ എം എം മണിയെ തിരുത്തിയും മന്ത്രി വി ശിവന്‍കുട്ടി. എം എം മണി അദ്ദേഹത്തിന്റെ ശൈലിയില്‍ പറഞ്ഞതാണെന്നും അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. തിരുവനന്തപുരത്ത് ആര്യ രാജേന്ദ്രന്‍ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും കോര്‍പ്പറേഷനിലെ തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെയ്ക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

എം എം മണിയുടെ ശൈലിയില്‍ അദ്ദേഹം പറഞ്ഞതാണ്. എം എം മണി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എം എം മണി തൊഴിലാളി വര്‍ഗ നേതാവും പാര്‍ട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയില്‍നിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്. അങ്ങനെയുള്ള നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന ഒരു ജനവിഭാഗങ്ങളെയും ഒരു രൂപത്തിലും ആക്ഷേപിക്കാന്‍ പാടില്ല. അത് സിപിഎമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

ജനങ്ങള്‍ ക്ഷേമപെന്‍ഷന്‍ വാങ്ങി അത് ശാപ്പാടടിച്ചശേഷം വോട്ട് ചെയ്തില്ലെന്ന രീതിയിലായിരുന്നു എം എം മണി കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന. ‘ക്ഷേമപെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നതോടെ ഞായറാഴ്ച രാവിലെ അദ്ദേഹം തന്നെ പ്രസ്താവന തിരുത്തി രംഗത്തെത്തി. പറയാന്‍ പാടില്ലാത്ത പരാമര്‍ശമായിരുന്നുവെന്നാണ് എംഎം മണി പ്രസ്താവന തിരുത്തിക്കൊണ്ട് പ്രതികരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*