ധരംശാലയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ തീച്ചൂടില്‍ ഉരുകിവീണ് പ്രോട്ടീസ് മഞ്ഞുമല. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി – 20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. പ്രോട്ടീസിനെ 7 വിക്കറ്റിനാണ് തകര്‍ത്തത്. 118 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു ഇന്ത്യ.
ഒന്നാം ഓവറില്‍ തന്നെ അര്‍ഷദീപ് സിങ് തുടങ്ങിവെച്ച വിക്കറ്റ് വേട്ട ഹര്‍ഷിത് ഏറ്റുപിടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ പതറി. അര്‍ധ സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഒറ്റയ്ക്ക് പൊരുതിയെങ്കിലും പ്രോട്ടീസ് പോരാട്ടം 117 ല്‍ തീര്‍ന്നു.
പതിവുപോലെ അഭിഷേക് ശര്‍മ ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ ചേസ് അനായാസമായി. പരമ്പരയില്‍ ആദ്യമായി രണ്ടക്കം കടന്ന ഉപനായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ ഏകദിന ശൈലിയിലുള്ള ബാറ്റ് വീശല്‍ 28ല്‍ അവസാനിച്ചു. 12 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും നിരാശപ്പെടുത്തി.
എന്നാല്‍, ശിവം ദുബെയെ കൂട്ടുപിടിച്ച് തിലക് വര്‍മ്മ 15.5 ഓവറില്‍ കളിതീര്‍ത്തു. ജയത്തോടെ അഞ്ചുമത്സര പരമ്പരയില്‍ 2-1ന്റെ നിര്‍ണായക ലീഡ് നേടാനും ഇന്ത്യയ്ക്കായി.



Be the first to comment