സിഡ്‌നിയിൽ ജൂതരുടെ ‘ഹനുക്ക’ ആഘോഷങ്ങൾക്കിടെ ഉണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക. ജൂതവിരുദ്ധതയ്ക്ക് ലോകത്ത് ഒരിടത്തും സ്ഥാനമില്ല. ഓസ്‌ട്രേലിയൻ ജനതയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. ജൂത വിരുദ്ധ ആക്രമണമാണ് നടന്നതെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.
അമേരിക്കയില്‍ ഇന്ന് രാത്രി മുതല്‍ ഹനുക്ക ആഘോഷങ്ങള്‍ തുടങ്ങാനിരിക്കുകയാണ്. ആഘോഷങ്ങളില്‍ ഭയപ്പെടാതെ പങ്കെടുക്കാന്‍ ജൂത സമൂഹത്തോട് ട്രംപ് ആഹ്വാനം ചെയ്തു. ഒരാഴ്ച നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം. യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. ന്യൂയോർക്ക് മേയർ സോഹറാൻ മംദാനിയും ആക്രമണത്തെ രൂക്ഷമായി വിമർശിച്ചു. നീചമായ ജൂത വിരുദ്ധ പ്രവർത്തനമാണെന്നും ലോകത്ത് ജൂതന്മാർക്കെതിരെയുള്ള ആക്രമണം വർധിച്ചുവരുന്നതായും മംദാനി പറഞ്ഞു.
ന്യൂയോര്‍ക്കിലെ ജൂത സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും ജൂത വിരുദ്ധതയെ ചെറുക്കാന്‍ അടിയന്തര നടപടി വേണമെന്ന് മംദാനി ആവശ്യപ്പെട്ടു. അമേരിക്കയിൽ ഏറ്റവും കൂടുതൽ ജൂതന്മാരുള്ള നഗരമാണ് ന്യൂയോർക്ക്. അതേസമയം സിഡ്നിയിലെ ബോണ്ടി ബീച്ചിലെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. ആക്രമണത്തിൽ 40 പേർക്കാണ് പരുക്കേറ്റത്. ജൂത മതവിശ്വാസികളുടെ ആഘോഷങ്ങൾക്കിടെ ആണ് ആക്രമണം ഉണ്ടായത്. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഹനുക്ക എന്ന ജൂതരുടെ ആഘോഷത്തിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം ആക്രമണത്തിൽ ഓസ്ട്രേലിയൻ ഭരണകൂടത്തെ വിമർശിച്ച് ഇസ്രയേൽ രംഗത്തെത്തി. ജൂതന്മാരെ ലക്ഷ്യം വച്ചുള്ള ആക്രണമാണ് നടന്നതെന്നും ഓസ്ട്രേലിയൻ ഭരണകൂടം മുന്നറിയിപ്പുകൾ അവഗണിച്ചെന്നുമാണ് ഇസ്രയേലിന്റെ കുറ്റപ്പെടുത്തൽ.അക്രമികളിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നവീദ് അക്രം എന്ന അക്രമിയെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. നവീദ് അക്രം പാകിസ്താന്‍കാരനാണെന്ന് തിരിച്ചറിഞ്ഞു.



Be the first to comment