ജനവിധി അട്ടിമറിക്കുന്നതിനോട് യോജിപ്പില്ല; തിരുവനന്തപുരത്ത് സിപിഎം സഹകരണം ആലോചിച്ചിട്ടില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപിയെ അകറ്റിനിര്‍ത്താന്‍ സിപിഎമ്മുമായി സഹകരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ ആലോചിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനവിധി അട്ടിമറിക്കാനുള്ള നടപടികള്‍ക്കൊന്നും കോണ്‍ഗ്രസ് ഉണ്ടാകില്ല. മറ്റു കാര്യങ്ങളൊക്കെ പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാണെന്ന് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്തേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ബിജെപി മുഖ്യ ശത്രു തന്നെയാണ്. അവരെ ഒഴിവാക്കാനുള്ള സന്ദര്‍ഭങ്ങള്‍ പണ്ടും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. പക്ഷെ ഇവിടെ ജനവിധി വന്നതിനെ അട്ടിമറിക്കുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയെ ഒഴിവാക്കാനായി സിപിഎമ്മുമായി ചേരണമെന്ന ഒരു വാദമുണ്ട്. അത് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമലയില്‍ നിഗൂഢമായ വന്‍ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഇതിനു പിന്നില്‍ അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന് കണ്ടെത്തണം. ക്രിമിനല്‍ നടപടി പ്രകാരം അറസ്റ്റു ചെയ്തു കഴിഞ്ഞാല്‍ തൊണ്ടി മുതല്‍ കണ്ടെത്തണം. എന്നാല്‍ എന്തുകൊണ്ട് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്തിയില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ മുന്‍മന്ത്രിമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സ്വര്‍ണ്ണക്കൊള്ളയിലെ സര്‍ക്കാര്‍ ഒളിച്ചുകളി ജനത്തിന് മനസിലായി. മുന്‍മന്ത്രിമാരുടെ പങ്ക് വ്യക്തമായി കഴിഞ്ഞതാണ്. കോടിക്കണക്കിന് ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച സംഭവമാണിത്. ശബരിമല സ്വർണക്കൊള്ളയിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്തു സംഘത്തിന്റെ പങ്കും അന്വേഷിക്കണം. എസ്ഐടിക്ക് നൽകിയ മൊഴിയിൽ ഇക്കാര്യവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*