‘മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായി, ഭരണവിരുദ്ധ വികാരമുണ്ട്’; സിപിഐ യോഗത്തില്‍ വിമര്‍ശനം

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചെന്ന് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായെന്ന് സിപിഐ നേതൃയോഗം വിമര്‍ശിച്ചു. മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ല. ചില വ്യക്തികള്‍ മാത്രം കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന പോരായ്മകള്‍ തിരുത്തപ്പെടുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐയുടെ ഒരു പ്രധാനപ്പെട്ട നേതാവാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.

ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐ വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ ചോര്‍ന്നില്ലെന്നുള്ള സിപിഎം നിലപാടും സിപിഐ നിര്‍വാഹസമിതി തള്ളി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണം ഉണ്ടായെന്നും അത് യുഡിഎഫിന് അനുകൂലമായെന്നുമാണ് സിപിഐ നേതൃയോഗത്തില്‍ ഉയര്‍ന്ന ചര്‍ച്ച.

അതേസമയം സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും വലിയ തിരിച്ചടി തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ലെന്നുമായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി എന്നത് ചിലരുടെ പ്രചാരവേലയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണെന്നും ഈ കപ്പല്‍ അങ്ങനെ മുങ്ങില്ലെന്നും കണക്കുകള്‍ നോക്കിയാല്‍ മനസിലാകുമെന്ന് എം വി ഗോവിന്ദന്‍  മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തോല്‍വി അംഗീകരിക്കുന്നു. എന്നാല്‍ കപ്പല്‍ മുങ്ങുകയാണെന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ പ്രചാരവേലയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനുള്ള രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നും അദ്ദേഹം ഇന്ന് പ്രതികരിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*