റോഡപകടങ്ങൾ തടയാൻ മാർഗനിർദേശം തേടി സുപ്രീം കോടതി; അനധികൃത ധാബകൾ ഒഴിവാക്കണമെന്ന് നിരീക്ഷണം

ന്യൂഡൽഹി: ദേശിയപാതകളിലെ അപകടങ്ങള്‍ കുറയ്‌ക്കാൻ മാർഗനിർദേശങ്ങളുമായി സുപ്രീം കോടതി. ദേശിയപാതകളിലെ (എൻഎച്ച്) അനധികൃത “ധാബകൾ” റോഡപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് നിരീക്ഷണം. രാജസ്ഥാനിലെ ഫലോഡിയിൽ എക്‌സ്‌പ്രസ് വേകളിലും എൻഎച്ച്എല്ലുകളിലും നടന്ന അപകടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി പരാമർശം. റോഡപകടങ്ങൾ തടയുന്നതിന് ഇന്ത്യയിലുടനീളം മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ ജെകെ മഹേശ്വരിയും വിജയ് ബിഷ്ണോയിയും ഉൾപ്പെടുന്ന ബെഞ്ചിൻ്റേതാണ് നിർണായക നിരീക്ഷണം. ദേശിയപാതകളുടെയും എക്‌സ്പ്രസ് വേകളുടെയും ഇരുവശത്തുമായി അനധികൃത ‘ധാബകൾ’ നിർമ്മിക്കുന്നത് റോഡപകടങ്ങൾക്ക് കാരണമാകുന്നു. ഈ ഭക്ഷണശാലകൾക്കെതിരെ നടപടിയെടുക്കുന്നതിനുള്ള നിയമപരമായ നിയമങ്ങളും ചട്ടങ്ങളും ഉടൻ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)ക്കുവേണ്ടി കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടാണ് കോടതി വിവരങ്ങള്‍ തേടിയത്.

ദേശിയപാതയിലോ എക്‌സ്‌പ്രസ്‌ വേയിലോ നടക്കുന്ന മിക്ക അപകടങ്ങള്‍ക്കും പ്രധാന കാരണം ധാബകളും ചെറിയ ഭക്ഷണശാലകളുമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശിയപാതകളിലെ കൈയേറ്റങ്ങൾക്ക് പ്രാദേശിക കരാറുകാരെയോ ഭരണകൂടത്തെയോ കുറ്റപ്പെടുത്താൻ എൻഎച്ച്എഐ ശ്രമിക്കുന്നുണ്ട്.

ഈ ഭക്ഷണശാലകൾ വരാതിരിക്കാൻ നിയമപ്രകാരം ഏത് അധികാരിയാണ് മേൽനോട്ടം വഹിക്കേണ്ടതെന്നും കോടതി ചോദ്യമുന്നയിച്ചു. അനധികൃത ധാബകളും ഭക്ഷണശാലകളും നീക്കം ചെയ്യാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോർട്ട് തേടി. കൂടാതെ ഏത് അധികാരിയാണ് അനധികൃത ധാബകള്‍ക്ക് ഉത്തരവാദിയെന്നും ഏതൊക്കെ സ്ഥാപനങ്ങളാണ് വ്യവസ്ഥകൾ നടപ്പിലാക്കാത്തതെന്നും ബെഞ്ച് ആരാഞ്ഞു. “അമിക്കസും സോളിസിറ്റർ ജനറലും തമ്മിലുള്ള ചർച്ചയ്ക്ക് ശേഷം, മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ വേണ്ട നിർദേശങ്ങള്‍ ഹാജരാക്കണം. കക്ഷികൾക്ക് കേസുമായി ബന്ധപ്പെട്ട് ഫോട്ടോകള്‍ സമർപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. യഥാർഥ പ്രശ്‌നം പരിഹരിക്കാൻ ഇത് സഹായകരമാകും”- കോടതി ഉത്തരവിട്ടു.

വിഷയത്തിൽ അമിക്കസ് ക്യൂറിയായി നിയമിതനായ മുതിർന്ന അഭിഭാഷകൻ എ എൻ എസ് നട്‌കർണി, ഹൈവേകളിലെ വ്യാപകമായ കൈയേറ്റങ്ങൾ കാണിക്കുന്നതിനായി ഗൂഗിൾ ചിത്രങ്ങൾ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. അതേസമയം ഫലോഡി പോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യവസ്ഥകളിലെ നിലവിലുള്ള വിടവുകൾ നികത്തേണ്ടത് അത്യാവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ഫലോഡി അപകടവുമായി ബന്ധപ്പെട്ട് 2025 നവംബർ 10നാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൽ നിന്നും പ്രതികരണം തേടിയിരുന്നു. 2025 നവംബർ രണ്ടിനാണ് ഫലോഡിയിൽ ഒരു ടെമ്പോ ട്രാവലർ നിർത്തിയിട്ടിരുന്ന ട്രെയിലർ ട്രക്കിൽ ഇടിച്ച് 10 സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ 15 പേർ മരിച്ചത്.

ടാറിങ്ങിൽ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ, തെരുവുവിളക്കുകളുടെ അഭാവം എന്നിവയും കോടതി നിരീക്ഷിച്ചു. തെലങ്കാനയിലും രാജസ്ഥാനിലുമായി അടുത്തിടെയുണ്ടായ ഹൈവേ അപകടങ്ങളിൽ ഏകദേശം 40 പേർ കൊല്ലപ്പെട്ടെന്നാണ് കണക്ക്. അവരിൽ പലരും കുട്ടികളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*