‘IFFK പ്രതിസന്ധി വേദനാജനകം, ബോധപൂർവ്വം സൃഷ്‌ടിച്ച പ്രശ്നം; സിനിമകൾക്കുള്ള വിലക്ക് രാഷ്ട്രീയ അജണ്ട’; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ പലസ്തീനിൽ നിന്നുൾപ്പെടെയുള്ള 19 സിനിമകൾക്ക് അനുമതി നൽകാത്ത കേന്ദ്രനിലപാടിനെതിരെ സംസ്ഥാനം. വിലക്ക് രാഷ്ട്രീയ അജണ്ടയെന്നും സിനിമയുടെ പേരുകളോട് പോലും അസഹിഷ്ണുതയെന്നുമാണ് സാംസ്കാരികമന്ത്രി സജി ചെറിയാന്റെ പ്രതികരണം. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്കയുണ്ടെന്നും മന്ത്രി ആലപ്പുഴയിൽ പ്രതികരിച്ചു.

ലോകത്തെ തന്നെ മാതൃകാപരമായ മേള ഐഎഫ്എഫ്കെ. 29 എഡിഷനുകളിൽ ഇല്ലാത്ത പ്രശ്നം ആണിപ്പോൾ. ബോധപൂർവ്വം കേന്ദ്രത്തിന്റെ അറിവോടെ സൃഷ്‌ടിച്ച പ്രശ്നമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. സിനിമകളുടെ അനുമതി ആദ്യം തന്നെ നിഷേധിച്ചു. സിനിമകളുടെ ആവശ്യകത അറിയിച്ചപ്പോൾ 189 എണ്ണത്തിന് അനുമതി കിട്ടി. ഇനി 19 സിനിമകൾക്ക് കൂടി അനുമതി ലഭിക്കാനുണ്ടെന്ന് മന്ത്രി പറഞ്ഞു.

മേളയുടെ പ്രതിസന്ധി വേദനാജനകം, സങ്കടകരവുമാണ്. ക്ലാസിക്കൽ സിനിമകൾ വെട്ടി നിരത്തി. അടുത്ത തവണ മേള നടക്കുമോ എന്ന് പോലും ആശങ്ക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചലച്ചിത്ര പ്രേമികൾ മേളക്ക് എത്തി. ആരെങ്കിലും ഇനി മേളക്ക് വരുമോയെന്ന് മന്ത്രി ചോദിച്ചു. ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം ഉടൻ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

സർക്കാർ എല്ലാം കൃത്യമായി ചെയ്തു. ഒരു അപേക്ഷയും വൈകിയിട്ടില്ല. പ്രഥമദൃഷ്ട്യ തന്നെ ചിത്രങ്ങൾ തള്ളി. സിനിമ കാണുക ജനങ്ങളുടെ അവകാശമാണ്. വിലക്ക് നീക്കാൻ ചർച്ചകൾ തുടരുകയാണ്. സർക്കാർ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. വളർന്ന് വരുന്ന വർഗീയതയുടെയും ഫാസിസത്തിന്റെയും ഉദാഹരണമാണിതെന്നും കേരളത്തിൽ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*