പിണറായിയില്‍ സ്‌ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു

കണ്ണൂര്‍ പിണറായിയില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നു. വെണ്ടുട്ടായി കനാല്‍ കരയില്‍ വച്ചുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ വിപിന്‍ രാജിനാണ് ഗുരുതരമായി പരിക്കേറ്റത്. എന്നാല്‍ പൊട്ടിയത് ബോംബല്ല പടക്കമാണെന്നാണ് പോലീസ് പറയുന്നത്. ഉഗ്രശേഷിയുള്ള നാടന്‍ പടക്കമാണ് പൊട്ടിയതെന്നാണ് വിവരം

വിപിന്‍രാജിന്റെ വീടിനു സമീപത്ത് വച്ച് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനമുണ്ടായി എന്നാണ് ആദ്യം വിവരം പുറത്തു വന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

പരിക്കേറ്റ വിപിനെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്. കനാല്‍ കരയിലെ കോണ്‍ഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുള്‍പ്പെടെ നിരവിധി കേസുകളില്‍ പ്രതിയാണ് വിപിന്‍ രാജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം.

പാനൂര്‍, പാറാട് മേഖലകളില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ പിണറായിയില്‍ സ്‌ഫോടനമുണ്ടായത് കൂടുതല്‍ ആശങ്കയുണ്ടാക്കുകയാണ്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ കഴിഞ്ഞ ദിവസം കുന്നോത്തുപറമ്പില്‍ സിപിഎം സ്തൂപം തകര്‍ത്തിരുന്നു. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ കൊലവിളി പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. കയ്യില്‍ ബോംബ് പിടിച്ചിരിക്കുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*