ന്യൂഡൽഹി: രാജ്യത്ത് കനത്ത മൂടൽ മഞ്ഞ് കാരണം വിമാനങ്ങള്‍ വൈകി ഓടാൻ സാധ്യതയുണ്ടെന്നും യാത്രക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇൻഡിഗോ. ഉത്തരേന്ത്യയിൽ വിമാന സർവീസുകൾ പുനഃക്രമീകരിച്ചേക്കാമെന്ന് ഇൻഡിഗോ നല്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് വിവിധയിടങ്ങളില്‍ കനത്ത മൂടൽമഞ്ഞിൽ ആകാശം മൂടി കിടക്കുന്നു. ഇത് ദൃശ്യപരത കുറയ്ക്കുകയും സുഖമമായ വിമാന യാത്രയ്ക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇൻഡിഗോ അറിയിച്ചു.
മൂടൽ മഞ്ഞിനെ തുടർന്ന് സർവീസുകൾ പുനഃക്രമീകരിക്കേണ്ടി വന്നേക്കാമെന്ന് ചൊവ്വാഴ്ച (ഡിസംബർ 16) രാത്രി ഇൻഡിഗോ എക്സ് പോസ്റ്റിൽ പറഞ്ഞു. “രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. വടക്കൻ, കിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മൂടൽമഞ്ഞ് പ്രവചിക്കപ്പെടുന്നു. ഇത് ദൃശ്യപരത കുറയാനും അതിരാവിലെ വിമാന വേഗത കുറയാനും ഇടയാക്കും. സുരക്ഷ താൽപര്യാർഥം ചില വിമാനങ്ങൾക്ക് കാലതാമസമോ ക്രമീകരണങ്ങളോ അനുഭവപ്പെടാം” എന്ന് ഇൻഡിഗോ അറിയിച്ചു.
സുരക്ഷ ഉറപ്പാക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നു. തുടർന്ന് ചില വിമാനങ്ങൾ വൈകുകയോ ക്രമീകരിക്കുകയോ ചെയ്യാം. വിമാനത്താവളങ്ങളിലുടനീളമുള്ള ഇൻഡിഗോയുടെ ടീമുകൾ സജ്ജമാണ്. ഷെഡ്യൂളുകൾ സുഗമമായി കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നതിനും പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാനും യാത്രക്കാരോടൊപ്പം പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു.
വിമാന സർവീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഇൻഡിഗോയുടെ വെബ്സൈറ്റോ ആപ്ലിക്കേഷനോ സന്ദർശിക്കാൻ ഇൻഡിഗോ നിർദേശിക്കുന്നു. ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാനും അതനുസരിച്ച് യാത്ര ക്രമീകരണം ചെയ്യാനും അതിലൂടെ സാധിക്കും. ഷെഡ്യൂളുകൾ കൈകാര്യം ചെയ്യുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നതിനും എയർലൈൻ ടീമുകൾ അക്ഷീണം പ്രവർത്തിക്കുന്നു എന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ സഹകരണിന് നന്ദി പറഞ്ഞ് ഇൻഡിഗോ
മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിച്ചേക്കാം. അതിനാൽ നിർദിഷ്ഠ സമയത്തിനു മുൻപ് യാത്ര തിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാനും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു. “വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അതിനാൽ ഞങ്ങളുടെ വെബ്സൈറ്റിലോ ആപ്പിലോ ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശിക്കുന്നു http://t.co/EeFsEy9IJY ” – ഇൻഡിഗോ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
വരും ദിവങ്ങളിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും യാത്രക്കാരുടെ സഹകരണം തുടരണമെന്നും ഇൻഡിഗോ പറഞ്ഞു. ” നിങ്ങളുടെ ക്ഷമയ്ക്കും തുടർച്ചയായ വിശ്വാസത്തിനും നന്ദി, വരും ദിവസങ്ങളിൽ ദൃശ്യപരത പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നു” ഇൻഡിഗോ പറഞ്ഞു. അതേസമയം, കനത്ത മൂടല്‍ മഞ്ഞ് ഡല്‍ഹി വിമാനത്താവളത്തേയും സാരമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് രാവിലെ പങ്കുവച്ച പോസ്റ്റിൽ, വിമാന പ്രവർത്തനങ്ങൾ ക്രമേണ പഴയ നിലയിലാകുന്നു എന്ന് ഡൽഹി വിമാനത്താവള അധികൃതര്‍ അറിയിച്ചു. എന്നാൽ ചില വിമാനങ്ങൾക്ക് തടസങ്ങൾ തുടരാമെന്ന് മുന്നറിയിപ്പ് നൽകി. കൃത്യവും സമയബന്ധിതവുമായ ഷെഡ്യൂൾ അപ്ഡേറ്റുകൾക്കായി യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനത്താവള അധികൃതര്‍ യാത്രക്കാരോട് നിർദേശിച്ചു.
ആവശ്യമായ സഹായം നൽകുന്നതിന് ടെർമിനലുകളിൽ ഗ്രൗണ്ട് സ്റ്റാഫിനെയും ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ യാത്രക്കാർക്ക് ഉറപ്പ് നൽകി. “നിങ്ങളുടെ സഹകരണത്തിനും ധാരണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ദേശീയ തലസ്ഥാനത്ത് വായു ഗുണനിലവാരം മോശമാകുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു” എന്ന് ഡൽഹി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
ഡൽഹിയിൽ അപകടകരമായ മലിനീകരണ തോത്
ഡൽഹിയിൽ അപകടകരമായ മലിനീകരണ തോത് തുടരുന്നു. നഗരത്തിൻ്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) 378 ആയി എന്നാണ് ഏറ്റവും പുതിയ കണക്ക്. ഇത് ‘വളരെ മോശം’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (CPCB) ഡാറ്റ പറയുന്നു. വായുവിൻ്റെ ഗുണനിലവാരം മോശമായതിനാൽ അതിരാവിലെ സമയങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറയുന്നു. ഇത് വിമാന ഗതാഗതത്തെ തടസപ്പെടുത്തും. യാത്രക്കാർ ജാഗ്രത പാലിക്കാനും അതിനനുസരിച്ച് അവരുടെ യാത്ര ആസൂത്രണം ചെയ്യാനും ആവർത്തിച്ചുള്ള നിർദേശങ്ങൾ നൽകാൻ വിമാനക്കമ്പനികൾക്കും വിമാനത്താവള അധികൃതർക്കും മുന്നറിയിപ്പ് നൽകി.



Be the first to comment