ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് അവരുടെ പിഎഫ് തുക എടിഎം , യുപിഐ എന്നിവ വഴി പിന്‍വലിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ഉടന്‍ തന്നെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ യാഥാര്‍ഥ്യമാക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ. നിലവില്‍ ഇപിഎഫ് തുകയുടെ 75 ശതമാനം ഉടനടി പിന്‍വലിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ പിഎഫ് തുക എടിഎം വഴി പിന്‍വലിക്കുന്നത് മാര്‍ച്ചിന് മുന്‍പ് യാഥാര്‍ഥ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പിഎഫ് തുക പിന്‍വലിക്കലുകളെ യുപിഐയുമായി ബന്ധിപ്പിക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഇപിഎഫ് വരിക്കാര്‍ക്ക് അവരുടെ പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കാന്‍ നിരവധി ഫോമുകള്‍ ഫയല്‍ ചെയ്യേണ്ട സ്ഥിതിയാണ്. നിലവിലെ ഇപിഎഫ് പിന്‍വലിക്കല്‍ നടപടിക്രമം എളുപ്പമാക്കുമെന്നും മാണ്ഡവ്യ കൂട്ടിച്ചേര്‍ത്തു.
ഇപിഎഫില്‍ കിടക്കുന്ന പണം വരിക്കാരുടേതാണ്. എന്നാല്‍ നിലവില്‍ പിന്‍വലിക്കലുകള്‍ക്ക് വ്യത്യസ്ത ഫോമുകള്‍ വഴി അപേക്ഷിക്കേണ്ടതുണ്ട്. ഇത് പല അംഗങ്ങള്‍ക്കും ഒരു ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മന്ത്രാലയം ഇപിഎഫ് പിന്‍വലിക്കലുകള്‍ എളുപ്പമാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇത് പരിഹരിക്കുന്നതിനായി ഇപിഎഫ്ഒ 13 പിന്‍വലിക്കല്‍ വിഭാഗങ്ങളെ ലളിതമായ ഒരു ഘടനയിലേക്ക് ലയിപ്പിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്, ജീവനക്കാരന്റെ സ്വന്തം വിഹിതവും പലിശയ്ക്കും പുറമേ, തൊഴിലുടമയുടെ വിഹിതവും ഉള്‍പ്പെടുത്തി പിന്‍വലിക്കാവുന്ന തുക വിപുലീകരിച്ചു എന്നതാണ്. നേരത്തെ, പിന്‍വലിക്കലുകള്‍ പ്രധാനമായും ജീവനക്കാരന്റെ വിഹിതം മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിവിധ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്നതിനുള്ള പരിധി 50 ശതമാനം മുതല്‍ 100 ശതമാനം വരെയായാണ് നിശ്ചയിച്ചിരുന്നത്.



Be the first to comment