പോറ്റിയെ,കേറ്റിയെ….ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ട്; പ്രസാദ് കുഴിക്കാലയുടെ പരാതി തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി

പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി. ശബരിമല തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്ന് ശബരിമല സംരക്ഷണ സമിതി ചെയർമാൻ കെ ഹരിദാസ് വ്യക്തമാക്കി.

വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കാൻ വേണ്ടിയല്ല പരാതി കൊടുത്തത്. കൊള്ള നടത്തിയവരെ സംരക്ഷിക്കാൻ വേണ്ടിയാണ് പ്രസാദ് കുഴിക്കാല ഇങ്ങനെയൊരു പരാതി കൊടുത്തത്. തിരുവാഭരണ പാത സംരക്ഷണ സമിതിയിൽ തനിക്കൊപ്പം നാലുവർഷം മുമ്പ് ഉണ്ടായിരുന്ന ആളാണ്.

അതിനുശേഷം സംഘടനയിൽ നിന്ന് പുറത്തുപോയി സ്വയം ഒരു സംഘടന രൂപീകരിച്ചു. അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സ്വർണക്കൊള്ളയെന്നും കെ ഹരിദാസ് വ്യക്തമാക്കി.

അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. പാരഡി പാട്ടില്‍ വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായോ എന്ന് പരിശോധിക്കും. കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്.

നിയമോപദേശത്തിന് ശേഷമേ കേസെടുക്കുകയുള്ളൂ. ഒരു കലാസൃഷ്ടിയെന്ന നിലയിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.

ശബരിമല ചർച്ചയായ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും പാട്ട് വൈറലായിരുന്നു. എന്നാൽ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. പാട്ട് പിൻവലിക്കാൻ നടപടിയെടുക്കണമെന്നാണ് തിരുവാഭരണപാത സംരക്ഷണസിമിതി ഡിജിപിക്ക് പരാതിയിൽ ആവശ്യപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*