നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാര്ട്ടിന് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത നല്കിയ പരാതിയില്‍ കേസ് എടുക്കും. തൃശൂര്‍ റേഞ്ച് ഡിഐജി പരാതി കമ്മീഷണര്‍ക്ക് കൈമാറി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കും.
മാര്ട്ടിന് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയ്ക്ക് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടായതോടെയാണ് അതിജീവിത പോലീസില്‍ പരാതി നല്‍കിയത്. രണ്ടാം പ്രതി മാര്ട്ടിന് പങ്കുവെച്ച് വീഡിയോ നീക്കണമെന്നാണ് പരാതിയിലെ ആവശ്യം.വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകളും അതിജീവിത പോലീസില്‍ ഹാജരാക്കിയിരുന്നു.
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയാണ് മാര്ട്ടിന് വീഡിയോ പ്രചരിപ്പിച്ചത്. ദിലീപിനെതിരെ നടിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നാണ് വീഡിയോയിലെ ആരോപണം. പരാതിയില്‍ ഉടന്‍ പോലീസ് കേസെടുക്കും.
കേസില്‍ മാര്ട്ടിന് അടക്കമുള്ള ആറ് പ്രതികളെ 20 വര്‍ഷം കഠിന തടവിനാണ് വിചാരണ കോടതി ശിക്ഷിച്ചത്. പിന്നാലെയാണ് പഴയ വീഡിയോ വീണ്ടും പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസില്‍ കണ്ടിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത പരാതി പറഞ്ഞിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്റെ വീഡിയോയ്ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു.



Be the first to comment