മൃഗങ്ങളിൽ നിന്നും മനുഷ്യനെ വേർതിരിക്കുന്ന ഒരു കാര്യം വിവേകമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് പെരുമാറാൻ അറിയാമെന്നതാണ് മനുഷ്യരുടെ അതിജീവനത്തിന്റെ പ്രധാന മാർഗം. ഇത്തരത്തിൽ പെരുമാറ്റങ്ങൾ മാറുന്നതിന് തലച്ചോറിൽ പ്രത്യേകം സംവിധാനമുണ്ടെന്ന് വിശദീകരിക്കുകയാണ് ജപ്പാനിലെ ഒകിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ.
എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് കണ്ടെത്തിയതായും ഗവേഷകർ പറയുന്നു. കഥാപുസ്തകങ്ങളിൽ സ്ഥിരമായി കാണുന്ന ‘വഴി കാണിച്ചു കൊടുക്കുക’ എന്ന പരിപാടി വെർച്വൽ റിയാലിറ്റിയിൽ വികസിപ്പിച്ചു. ശരിയായ റൂട്ടിലൂടെ പോയി സമ്മാനം നേടാനും എലികളെ പരിശീലിപ്പിച്ചു. തുടർന്ന് റൂട്ടിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ തുടങ്ങി.
ഈ സമയം റൂട്ടിലൂടെ കടന്നു പോകുന്ന എലികളുടെ തലച്ചോറിന്റെ ചില ഭാഗങ്ങളിൽ (സ്ട്രിയാറ്റം പോലുള്ളവ) അസറ്റൈൽകോളിൻ എന്ന രാസവസ്തു പുറപ്പെടുന്നതിൽ ഗണ്യമായ വർധനവുള്ളതായി കണ്ടെത്തി. പരാജയത്തിൽ നിന്ന് പാഠം പഠിച്ച് പെരുമാറ്റത്തിൽ മാറ്റം വരുത്തുന്ന ‘ലോസ്-ഷിഫ്റ്റ്’ സ്വഭാവം കൂടുതൽ എലികൾ പ്രദർശിപ്പിക്കുന്നതും കണ്ടെത്തിയെന്ന് നാച്വർ കമ്യൂണിക്കേഷൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞു.
പേശികളുടെ സങ്കോചം, പഠനം, ഓർമ, ശ്രദ്ധ എന്നിവയ്ക്ക് അസറ്റൈൽകോളിൻ പ്രധാനമാണ്. ഇതിന്റെ അസന്തുലിതാവസ്ഥ അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. പ്രചോദനം, ശീലങ്ങൾ രൂപപ്പെടുത്തൽ എന്നിവയിൽ സ്ട്രിയാറ്റം എന്ന തലച്ചോറിലെ ഭാഗം പ്രധാനമാണ്. അസറ്റൈൽകോളിൻ കൂടുന്നതിനനുസരിച്ച് എലികൾ തെരഞ്ഞെടുപ്പ് രീതികൾ മാറ്റാനുള്ള സാധ്യത കൂടുതലാണ്.
എലികളിൽ അസറ്റൈൽകോളിൻ ഉൽപാദനം നിർത്തിയതോടെ, ലോസ്-ഷിഫ്റ്റ് സ്വഭാവത്തിൽ ഗണ്യമായ കുറവ് കണ്ടെത്തി. ഇതോടെ, പെരുമാറ്റങ്ങളെ പൊരുത്തപ്പെടുത്തുന്നതിൽ ഈ രാസവസ്തുവിന് കാര്യമായ പങ്കുണ്ടെന്ന് വ്യക്തമായി. അഡിക്ഷൻ, ഒബ്സസിവ് കംപൽസിവ് ഡിസോർഡർ (ഒ.സി.ഡി) തുടങ്ങിയ അവസ്ഥകളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ പഠനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.



Be the first to comment