2025 ഇന്ത്യയ്ക്ക് പരീക്ഷണ കാലം, വളര്‍ച്ചാ നിരക്ക് പക്ഷേ സ്ഥിരതയാര്‍ജ്ജിച്ചു

ന്യൂഡല്‍ഹി: അടുത്ത കാലത്ത് രാജ്യം കടന്ന് പോയ ഏറ്റവും സംഭവ ബഹുലമായ വര്‍ഷമായിരുന്നു 2025. പല വിധ വെല്ലുവിളികളിലൂടെയാണ് നാം കടന്ന് വന്നത്. പാക് അതിര്‍ത്തിയിലെ വര്‍ദ്ധിച്ച സംഘര്‍ഷങ്ങള്‍ മുതല്‍ അമേരിക്ക നമുക്ക് മേല്‍ ചുമത്തിയ അധിക തീരുവയും റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങല്‍ അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദ്ദവും അടക്കം നിരവധി പ്രതിസന്ധികള്‍ നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നു. ഇവയെല്ലാം തന്നെ നമ്മുടെ സമ്പദ്ഘടനയെ മന്ദീഭവിപ്പിക്കുമെന്ന ആശങ്കയും ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നാം കൈക്കൊള്ളുന്ന നയങ്ങള്‍ ഈ ആഘാതങ്ങളെ തടുക്കാന്‍ നമ്മെ സഹായിച്ചു. അത് കൊണ്ട് തന്നെ നമ്മുടെ സമ്പദ്ഘടനയ്ക്ക് പരിക്കേല്‍ക്കാതിരിക്കുകയും അനുസ്യൂത വളര്‍ച്ച തുടരുകയും ചെയ്‌തു.

2025 സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാംപാദത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 8.2ശതമാനം വളര്‍ച്ച കൈവരിച്ചത് നമ്മില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. സാമ്പത്തിക വര്‍ഷത്തെ മൊത്ത വളര്‍ച്ച ഏഴ് ശതമാനത്തില്‍ എത്തിക്കാനാകുമെന്ന സൂചനയാണ് ഇത് നല്‍കിയത്. അമേരിക്കന്‍ വിപണിയില്‍ ചില കയറ്റുമതി പങ്കാളിത്തം നമുക്ക് നഷ്‌ടമായെങ്കിലും ഈ നഷ്‌ടം മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ മറികടക്കാനായെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

അസ്ഥിരതയും അശുഭ വികാരങ്ങളും മറികടക്കാനായി ഇന്ത്യ ചരക്കു സേവന നികുതി നിരക്കില്‍ ഏകീകരണമുണ്ടാക്കി. ഇതിലൂടെ ഉപഭോഗം കരുത്തുറ്റതാക്കുക മാത്രമായിരുന്നില്ല മറിച്ച് രാജ്യത്തിന്‍റെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുക കൂടിയായിരുന്നു. ആഗോള, ഭൗമ രാഷ്‌ട്രീയ സാഹചര്യങ്ങളില്‍ ഈ പ്രകടനം ഇന്ത്യയെ പോലെ ഒരു വലിയ സമ്പദ്ഘടനയ്ക്ക് വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതായിരുന്നു.

വളര്‍ച്ച തുടരും

സാമ്പത്തിക ഉപദേശക സമിതിയുടെ അധ്യക്ഷന്‍ പ്രൊഫ.മഹേന്ദ്ര ദേവ് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവര്‍ ഇക്കാര്യങ്ങളെക്കുറിച്ച് ഇടിവി ഭാരതുമായി സുദീര്‍ഘമായി സംസാരിച്ചു. നമ്മുടെ സാമ്പത്തിക വളര്‍ച്ച ശുഭസൂചകമാണെന്ന അഭിപ്രായമാണ് അവര്‍ പങ്ക് വച്ചത്. അതേസമയം പണപ്പെരുപ്പ നിരക്ക് വളരെ കുറവാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതായത് രാജ്യത്ത് ഒരു ‘ഗോള്‍ഡി ലോക്ക്’ സാഹചര്യമാണ് ഉള്ളത്. അതായത് ഉയര്‍ന്ന വളര്‍ച്ചാനിരക്കും കുറഞ്ഞ പണപ്പെരുപ്പവും. ഇക്കൊല്ലം പണപ്പെരുപ്പം രണ്ട് ശതമാനത്തോട് അടുക്കുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍. റിപ്പോ നിരക്കില്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് 1.25ശതമാനം പോയിന്‍റ് കുറച്ചത് വളര്‍ച്ചാനിരക്ക് കൂടാന്‍ സഹായകമായെന്നും അവര്‍ വിലയിരുത്തുന്നു.

ധന നയവും വളര്‍ച്ചാനിരക്കിന് പിന്തുണയേകിയ ഘടകമാണ്. മൂലധന ചെലവില്‍ നിര്‍ണായക വര്‍ദ്ധന ഉണ്ടാക്കാന്‍ പുതിയ ധനനയത്തിലൂടെ സാധിച്ചു. ബജറ്റില്‍ മൂലധന ചെലവ് പങ്ക് 12 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി ഉയര്‍ത്തി. ധനനയവും ഉയര്‍ന്ന സര്‍ക്കാര്‍ ചെലവും വളര്‍ച്ചയെയും വിലക്കയറ്റ നിയന്ത്രണത്തെയും ഒരു പോലെ സഹായിച്ചു. സ്‌ഥൂല സാമ്പത്തിക കാഴ്‌ചപ്പാട് ശക്തമായിരുന്നു. ബാഹ്യ വെല്ലുവിളികള്‍ ഉണ്ടെങ്കിലും വരും വര്‍ഷങ്ങളിലും ഇന്ത്യ വലിയ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

ട്രംപിന്‍റെ ക്രോധം അടക്കമുള്ള എല്ലാ ഭൗമരാഷ്‌ട്രീയ അസ്ഥിരതകളെയും മറികടക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നാണ് നീതി ആയോഗിന്‍റെ മുന്‍ ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ ഇടിവി ഭാരതിനോട് പറഞ്ഞത്. സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ നേരിയ ഇടിവ് സാമ്പത്തിക വളര്‍ച്ചയില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തല്‍. കാരണം ആദ്യ പാദത്തില്‍ നാം എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചു കഴിഞ്ഞു. സാമ്പത്തിക വര്‍ഷം ആകെ ലക്ഷ്യമിടുന്നത് ഏഴ് ശതമാനം വളര്‍ച്ചയാണ്. വിശ്വാസ്യതയുള്ള ഏതൊരു സമ്പദ്ഘടനയ്ക്കും നിലവിലെ സാഹചര്യങ്ങളില്‍ ഇതേ കൈവരിക്കാനാകൂ എന്നും അദ്ദേഹം വിശദീകരിക്കുന്നു. നാം ശരിയായ പാതയില്‍ തന്നെയാണ്. നമ്മുടെ അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായ വലിയ മെച്ചം കുത്തകകള്‍ക്കടക്കം എല്ലാവര്‍ക്കും ഗുണം ചെയ്യുന്നുണ്ട്. വരുന്ന കുറേ വര്‍ഷങ്ങളിലേക്ക് നമ്മുടെ സമ്പദ്ഘടന ഇതേ പാതയില്‍ തുടരുമെന്നാണ് തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറ്റുമതി വര്‍ദ്ധിച്ചു, ആഭ്യന്തര ചോദന ശക്തം

നിലവിലെ വാണിജ്യ വിവരങ്ങള്‍ പ്രകാരം 2025 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ രാജ്യത്തെ മൊത്തം കയറ്റുമതി 56200 കോടി അമേരിക്കന്‍ ഡോളറാണ്. കഴിഞ്ഞ കൊല്ലം ഇത് 53300 കോടി അമേരിക്കന്‍ ഡോളറായിരുന്നു. അതായത് 5.43ശതമാനം വര്‍ധന ഇക്കുറി ഉണ്ടായി എന്നര്‍ത്ഥം. ചരക്കുസേവന നികുതി ഏകീകരണവും ഉത്സവകാല ചെലവുകളും ആഭ്യന്തര ആവശ്യകതയെ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളെ ശക്തമാക്കിയെന്നാണ് സാമ്പത്തിക വളര്‍ച്ചയെ കുറിച്ച് ആര്‍ബിഐയുടെ വിലയിരുത്തല്‍. പ്രാദേശിക ആവശ്യകത ശക്തമായി നിലനില്‍ക്കുമ്പോള്‍ നാഗരിക ആവശ്യകത ക്രമേണ വര്‍ദ്ധിക്കുകയായിരുന്നു. നിക്ഷേപ പരിപാടികള്‍ ആരോഗ്യകരമായി തുടരുന്നുവെന്നാണ് ഡിസംബര്‍ അഞ്ചിലെ ധനനയ പുനപ്പരിശോധന പ്രസ്‌താവനയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ചൂണ്ടിക്കാട്ടിയത്. ഉയര്‍ന്ന കാര്യക്ഷമത വിനിയോഗത്തിന്‍റെയും ഭക്ഷ്യേതര വായ്‌പ വര്‍ദ്ധനയുടെയും പശ്ചാത്തലത്തില്‍ സ്വകാര്യ നിക്ഷേപം നിര്‍ണായക നേട്ടമുണ്ടാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാഹ്യ അസ്ഥിരതകള്‍ അപ്പോഴും പക്ഷേ വെല്ലുവിളിയായി. ആഭ്യന്തര ഘടകങ്ങളായ ആരോഗ്യകരമായ കാര്‍ഷിക കാഴ്‌ചപ്പാടുകള്‍, ചരക്കുസേവന നികുതിയുടെ സ്വാധീനം, ധന സാഹചര്യങ്ങള്‍ തുടങ്ങിയവ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകി.

ഈ ഘടകങ്ങളെയെല്ലാം പരിഗണിച്ചാലും കാര്യങ്ങള്‍ ശുഭകരമായി തന്നെ മുന്നോട്ട് പോകുകയാണ്. ഈ ഘടകങ്ങളെല്ലാം കണക്കിലെടുക്കുമ്പോള്‍ 2025-26 വര്‍ഷത്തെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉത്പാദനം 7.3 ആയാണ് എടുത്ത് കാട്ടുന്നത്. മൂന്നാംപാദത്തില്‍ 7, നാലാം പാദത്തില്‍ 6.5 ശതമാനം വീതമാണ് വിലയിരുത്തല്‍. വെല്ലുവിളികള്‍ സന്തുലിതമാക്കപ്പെടുന്നു എന്നും ചൂണ്ടിക്കാട്ടുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ആശങ്കാജനകമല്ല

ഇക്കൊല്ലം രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം പതിനാറിന് ഇത് ഡോളറിനെതിരെ 91 രൂപയായി. വലിയ തോതിലുള്ള വാണിജ്യ കമ്മിയാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്നാണ് കെയര്‍ എഡ്‌ജിന്‍റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇതിന് പുറമെ മൂലധന വരവ് ദുര്‍ബലമായതും ഇന്ത്യ- അമേരിക്ക വാണിജ്യ ഉടമ്പടി മൂലം ഉണ്ടായ അസ്ഥിരതകളും ഇതിന് കാരണമായതായി വിലയിരുത്തുന്നു. ആര്‍ബിഐ മൂല്യമിടിവ് പരിമിതപ്പെടുത്താന്‍ ശ്രമിക്കുന്നതും ആഗോള ഘടകങ്ങളായ ഡോളറിന്‍റെ മുദുലതയും അമേരിക്കന്‍ നിരക്ക് കുറയ്ക്കലും 2016 സാമ്പത്തിക വര്‍ഷത്തിന്‍റെ അന്ത്യത്തോടെ രൂപയുടെ മൂല്യം 87ലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയിലെ ശതകോടീശ്വര പട്ടികയില്‍ മുകേഷ് അംബാനി ആധിപത്യം തുടരുകയാണ്. തൊട്ടുപിന്നില്‍ ഗൗതം അദാനിയും കുടുംബവുമുണ്ട്. സാവിത്രി ജിന്‍ഡാലും കുടുംബവുമാണ് മൂന്നാമതുള്ളത്. സുനില്‍ മിത്തലും കുടുംബവും ശിവനാടാരും കൂടിച്ചേരുമ്പോള്‍ രാജ്യത്തെ ആദ്യ അഞ്ച് ധനികരുടെ പട്ടിക പൂര്‍ണമാകുന്നു.

രാജ്യത്തെ ആദ്യ അഞ്ച് ശതകോടീശ്വരന്‍ ഇവര്‍

പേര് ആസ്‌തി
മുകേഷ് അംബാനി 10500 കോടി ഡോളര്‍
ഗൗതം അദാനിയും കുടുംബവും 9200 കോടി ഡോളര്‍
സാവിത്രി ജിന്‍ഡാലും കുടുംബവും 4020 കോടി ഡോളര്‍
സുനില്‍ മിത്തലും കുടുംബവും 3420 കോടി ഡോളര്‍
ശിവനാടാര്‍ 3320 കോടി ഡോളര്‍

(ഫോര്‍ബ്‌സിന്‍റെ 2025 പട്ടിക പ്രകാരം)

അമേരിക്കന്‍ ചുങ്കത്തിന്‍റെ സ്വാധീനം

അടുത്തിടെ പുറത്ത് വന്ന വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി700 കോടി അമേരിക്കന്‍ ഡോളറായി വര്‍ദ്ധിച്ചു. ഒക്‌ടോബറിലിത് 630 കോടി അമേരിക്കന്‍ ഡോളറായിരുന്നു. അന്‍പത് ശതമാനം അധിക അമേരിക്കന്‍ ചുങ്കം ഇന്ത്യയുടെ കയറ്റുമതിക്ക് മേല്‍ നിലനില്‍ക്കുമ്പോഴാണ് ഇത്. ആഗോള വാണിജ്യ ഗവേഷണ ഇനിഷ്യേറ്റീവ്(ജിടിആര്‍ഐ) യുടെ വിശകലന പ്രകാരം നമ്മുടെ സഞ്ചാരപഥം ക്ലേശകരമാണ്. പക്ഷേ ഇത് യുക്തിപൂര്‍വമാണ്. പത്ത് ശതമാനം പകര ചുങ്കത്തില്‍ നമ്മുടെ കയറ്റുമതി ഏപ്രിലിലെ 840കോടി ഡോളറില്‍ നിന്ന് മെയില്‍ 880 കോടി ഡോളറായി ഉയര്‍ന്നിരുന്നു. പിന്നീട് ജൂണ്‍ ജൂലൈ മാസങ്ങളില്‍ ഇത് വീണ്ടും ഇടിഞ്ഞു. യഥാര്‍ത്ഥ ആഘാതം പക്ഷേ ഓഗസ്റ്റിലായിരുന്നു. ചുങ്കം പത്ത് ശതമാനത്തില്‍ നിന്ന് 25ഉം അത് പി്ന്നീട് അമ്പതുമായി ഉയര്‍ന്നതോടെ കയറ്റുമതി 680 കോടി ഡോളറിലേക്ക് കുത്തനെ ഇടിഞ്ഞു. അന്‍പത് ശതമാനം ചുങ്കം നിലവില്‍ വന്നശേഷമുള്ള പൂര്‍ണമാസമായ സെപ്റ്റംബറില്‍ കയറ്റുമതി ഇക്കൊല്ലത്തെ ഏറ്റവും താഴ്‌ന്ന നിരക്കായ 550 കോടി അമേരിക്കന്‍ ഡോളറിലേക്ക് കൂപ്പുകുത്തി.

ചുങ്കത്തില്‍ യാതൊരു മാറ്റവും ഉണ്ടാകാതിരുന്നിട്ടും ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞുവെന്ന് ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്‌തവ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ സ്‌മാര്‍ട്ട് ഫോണ്‍, മരുന്നുകള്‍, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവയായിരിക്കും ചുങ്ക വര്‍ദ്ധന കുറച്ച് മാത്രം സ്വാധീനം ചെലുത്തിയ വസ്‌തുക്കളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചുങ്കം അന്‍പത് ശതമാനത്തില്‍ നിന്ന് 25 ആക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് അമേരിക്കയുടെ സുപ്രധാന ആവശ്യമായിരുന്ന റഷ്യന്‍ എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം മാനിച്ച് ഇതില്‍ നിര്‍ണായക കുറവ് വരുത്തിയ സാഹചര്യത്തിലാണ് ഈ ആവശ്യം ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്.

അതേസമയം ഡേറ്റാ സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കാനോ ജനിതക വ്യതിയാനം വരുത്തിയ കാര്‍ഷിക ഇറക്കുമതി വാതില്‍ തുറന്ന് നല്‍കാനോ ഇന്‍വെന്‍ററി മാതൃകയിലുള്ള ഇ കൊമേഴ്‌സുകള്‍ അനുവദിക്കുന്നതിനോ ഇന്ത്യ ഒരുക്കമല്ല. കയറ്റുമതി പുനസ്ഥാപനം വലിയ വിഷയമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര തലത്തില്‍ ഇന്ത്യ കയറ്റുമതി പ്രോത്സാഹന ദൗത്യം പോലുള്ളവ ആവിഷ്ക്കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന പണപ്പെരുപ്പം 0.25 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സെപ്റ്റംബറില്‍ ഇത് 1.4ശതമാനമായിരുന്നു. നവംബറില്‍ തെല്ല് കുറഞ്ഞ് 0.71 ശതമാനമായി. പ്രതിമാസ പണപ്പെരുപ്പം വര്‍ഷാരംഭത്തിലെ 4.26 ശതമാനത്തില്‍ നിന്ന് 0.25 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യ -പാനീയങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ഇതിന് കാരണം എന്നും ചൂണ്ടിക്കാട്ടുന്നു.

ഓഹരി വിപണി

സെന്‍സെക്‌സ് 2025 ജനുവരി ഒന്നിന് ആരംഭിച്ചത് 78265ലാണ്. ഇതില്‍ വര്‍ഷം മുഴുവന്‍ ഉയര്‍ച്ചകളും താഴ്‌ചകളുമുണ്ടായി. നവംബറില്‍ ഇത് 85000ത്തിലെത്തി. ഏപ്രിലില്‍ ഇത് 71449 ആയി ഇടിഞ്ഞു. ഡിസംബര്‍ പത്തിന് സൂചിക 84391ലെത്തി. ഇടക്കാലത്തുണ്ടായ ഇടിവില്‍ നിന്ന് വളരെ വേഗത്തിലാണ് തിരിച്ച് കയറിയത്. എങ്കിലും നവംബറിലെ വളര്‍ച്ചയില്‍ നിന്ന് നേരിയ തോതില്‍ ഇടിവാണ് ഉള്ളത്. എങ്കിലും മൊത്തത്തില്‍ ഉണ്ടായ അസ്ഥിരതയ്ക്കിടയിലും നിര്‍ണായക നേട്ടമുണ്ടാക്കാന്‍ ഓഹരി വിപണിക്കായി.

നാള്‍ വഴികള്‍

ഫെബ്രുവരി 1: 2025- 2025-26 വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു.

34.96 ലക്ഷം കോടി വരവും 50.65 ലക്ഷം കൂടി ചെലവും ലക്ഷ്യമിട്ടുള്ള ബജറ്റില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 4.4 ശതമാനമായിരുന്നു ധനകമ്മി. മൂലധന നിക്ഷേപം 11.21 ലക്ഷം കോടിരൂപ(മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 3.1ശതമാനം). മൊത്ത വായ്‌പ 14.82 ലക്ഷം കോടി.

സെപ്റ്റംബര്‍ 22, 2025

ചരക്കുസേവന നികുതിയില്‍ രണ്ടാംഘട്ട പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നു. രണ്ട് നികുതി നിരക്കുകള്‍ ലളിതമാക്കി. (അഞ്ച്, പതിനെട്ട് ശതമാനം)പൊതു നന്മ ലക്ഷ്യമിട്ടുള്ള നടപടി. ഇതിലൂടെ തൊഴില്‍ തീവ്ര വ്യവസായം, കാര്‍ഷിക, ആരോഗ്യ പരിപാലനത്തിനും മുന്‍തൂക്കം.

21 നവംബര്‍ 2025

പുത്തന്‍ തൊഴില്‍ നിയമങ്ങള്‍ നിലവില്‍ വന്നു. വേതനം, വാണിജ്യ ബന്ധങ്ങള്‍, സാമൂഹ്യ സുരക്ഷ, തൊഴില്‍ സുരക്ഷ, മികച്ച വേതനം ഉറപ്പാക്കല്‍, സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കല്‍ എന്നിവ ലക്ഷ്യമിടുന്നു.

21 നവംബര്‍ 2025

കയറ്റുമതിപ്രോത്സാഹന ദൗത്യത്തിന് അംഗീകാരം.2025-26 വര്‍ഷത്തേക്ക്25,060ക ോടി രൂപ കയറ്റുമതി പ്രോത്സാഹനത്തിനായി നീക്കി വച്ചു.പ്രത്യേകിച്ച് സുക്ഷ്‌മ-സ്ഥൂല ഇടത്തരം വ്യവസായങ്ങള്‍ക്ക്, ഒപ്പം തൊഴില്‍ തീവ്ര മേഖലയ്ക്കും.

21 നവംബര്‍ 2025

ഇന്ത്യ ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പദ്ഘടനയായി. മൊത്ത ആഭ്യന്തര ഉത്പാദനം 418700 കോടി അമേരിക്കന്‍ ഡോളറായി. ജപ്പാനെ പിന്തള്ളിക്കൊണ്ടായിരുന്നു ഈ നേട്ടം.

24 ജൂലൈ 2025

ഇന്ത്യ ബ്രിട്ടന്‍ സമഗ്ര സാമ്പത്തിക വാണിജ്യ കരാര്‍ ഒപ്പുവച്ചു.

ആര്‍ബിഐയുടെ റിപ്പോ നിരക്ക് മാറ്റങ്ങള്‍

  • 5-7 ഫെബ്രുവരി 2025

റിപ്പോ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് 6.25 ശതമാനമാക്കി കുറച്ചു.

  • ഏപ്രില്‍ 2025

റിപ്പോ നിരക്ക് ആറ് ശതമാനമാക്കി

  • 06 ഓഗസ്റ്റ് 2025

റിപ്പോനിരക്ക് 5.5 ശതമാനമാക്കി. ഉപഭോക്തൃ വില സൂചിക 2.1 ശതമാനം

  • 3-5 ഡിസംബര്‍ 2025

റിപ്പോ നിരക്ക് 5.25 ശതമാനമാക്കി കുറച്ചു.

അമേരിക്കന്‍ ചുങ്ക നടപടികള്‍

  • 30 ജൂലൈ 2025

ഇന്ത്യന്‍ ചരക്കുകള്‍ക്ക് അമേരിക്ക 25 ശതമാനം നികുതി ഏര്‍പ്പെടുത്തി, ഓഗസ്റ്റ് ഏഴു മുതല്‍നിലവില്‍ വന്നു.

  • 1 ഓഗസ്റ്റ് 2025

25 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇതില്‍ പത്ത് ശതമാനം അടിസ്ഥാന നിരക്കും പതിനഞ്ച് ശതമാനം പകരച്ചുങ്കവും ആയിരുന്നു.

  • 7 ഓഗസ്റ്റ് 2025

25 ശതമാനം നികുതിയുടെ ഉത്തരവ് സ്ഥിരപ്പെടുത്തി. മരുന്ന്, ഇലക്‌ട്രോണിക്, ഊര്‍ജ്ജ വസ്‌തുക്കളെ ഒഴിവാക്കി.

  • 27 ഓഗസ്റ്റ് 2025

25 ശതമാനം നികുതി നിലവില്‍ വന്നു. ഇതോടെ ആകെ അന്‍പത് ശതമാനം നികുതി മിക്ക വസ്‌തുക്കള്‍ക്കും ഏര്‍പ്പെടുത്തപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*