ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ അറസ്റ്റിന് പ്രത്യേക അന്വേഷണസംഘം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കൂടുതല്‍ അറസ്റ്റിന് പ്രത്യേക അന്വേഷണസംഘം. ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ എന്‍ വിജയകുമാറിനെയും കെ പി ശങ്കര്‍ദാസിനെയും പ്രതി ചേര്‍ക്കുന്നതില്‍ തീരുമാനം ഉടനുണ്ടാകും. നടപടി, അന്വേഷണത്തില്‍ പിന്നോട്ടെന്ന ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ. റിമാന്‍ഡിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും, സ്വര്‍ണ വ്യാപാരി ഗോവര്‍ധനെയും വിശദമായി ചോദ്യം ചെയ്യാനും നീക്കം.

ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയ സ്വര്‍ണ്ണപ്പാളി വേര്‍തിരിച്ചത് പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണെന്നാണ് എസ്‌ഐടി വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമാണെന്നാണ് വിവരം. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി ഗോവര്‍ദ്ധനന് കൊടുത്തു എന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു.

ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. ഇതിനു പിന്നാലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്‌ഐടി അറസ്റ്റ് ചെയ്തത്. ശുദ്ധമായ തകിടില്‍ മാത്രമേ സ്വര്‍ണ്ണം പൂശല്‍ പോലുള്ള ജോലികള്‍ ചെയ്യുകയുള്ളൂ എന്ന പങ്കജ് ഭണ്ടാരിയുടെ ആദ്യ മൊഴികളാണ് സംശയത്തിലേക്ക് വഴി വെച്ചത്. ദേവസ്വം വിജിലന്‍സിന് നല്‍കിയ മൊഴിയിലും ഇതേ കാര്യം തന്നെയാണ് പറഞ്ഞത്. കൂടാതെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നടത്തിയ പരിശോധനയില്‍ രേഖകളിലും സംശയം ഉണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*