പ്രിയപ്പെട്ട ശ്രീനിയേട്ടൻ, ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്നു; സുരേഷ് ഗോപി

അന്തരിച്ച നടനും സംവിധായകനുമായ ശ്രീനിവാസനെ അനുസ്മരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമം എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.

സിനിമയ്ക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചയും ചെയ്യാത്തയാളാണ് ശ്രീനിവാസനെന്ന് നടനും എംഎൽഎയുമായ മുകേഷ്. ഒരു തിരക്കഥ വായിച്ചാൽ 10 ചോദ്യങ്ങളെങ്കിലും ചോദിക്കുന്ന, അതിന് മറുപടി ലഭിച്ചാൽ മാത്രം മുന്നോട്ട് പോവുന്നയാളായിരുന്നു ശ്രീനിവാസനെന്ന് മുകേഷ് അനുസ്മരിച്ചു. ശ്രീനിവാസൻ്റെ അടുത്ത് പോവാൻ ഭയമായിരുന്നു.

അത്രയും ഷാർപ്പായിരുന്നു ശ്രീനിവാസൻ. ശ്രീനിവാസനെ കുറിച്ച് ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. 43 വർഷത്തിനുള്ളിൽ ഒരിക്കൽ പോലും ചെറിയ നീരസം പോലുമില്ലാത്ത സുഹൃത്തായിരുന്നു ശ്രീനിവാസൻ. സൃഷ്ടികൾ പോലെ തന്നെ ശ്രീനിവാസൻ്റെ ചിരിയും പ്രസിദ്ധമായിരുന്നുവെന്നും മുകേഷ് പറഞ്ഞു.

രണ്ടാഴ്ച്ച കൂടുമ്പോൾ ശ്രീനിവാസൻ്റെ വീട്ടിൽ പോകാറുണ്ടെന്നും രാവിലെ മുതൽ വൈകുന്നേരം വരെ വീട്ടിൽ തുടരുമെന്നും സംവിധായകൻ സത്യൻ അന്തിക്കാട്. കാലിന് സർജറി കഴിഞ്ഞ് വാക്കറിലായിരുന്നു നടന്നിരുന്നത്. തിരിച്ചുവരാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പ് കാലത്ത് സന്ദേശം എന്നൊരു സിനിമയുടെ പ്രസക്തിയെ കുറിച്ച് ഞങ്ങളിരുവരും ചർച്ച ചെയ്തിരുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സത്യൻ അന്തിക്കാടിന് വാക്കുകൾ പൂർത്തിയാക്കാനായില്ല. വളരെ വൈകാരികമായായിരുന്നു പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*