വാളയാര്‍ ആള്‍ക്കൂട്ടക്കൊല: കേരളത്തിന്റെ യശസ്സിനേറ്റ കളങ്കം, ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

പാലക്കാട്: വാളയാറില്‍ ആള്‍ക്കൂട്ട മര്‍ദനത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ട രാം നാരായണിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണ് വാളയാറിലെ സംഭവമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

രാം നാരായണിനെ ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ക്കതിരെ കര്‍ശന നടപടി എടുക്കും. വിഷയത്തില്‍ പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിന്റെ വിശദംശങ്ങള്‍ പരിശോധിച്ച് ആവശ്യമായ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള സര്‍ക്കാര്‍ രാംനാരായണിന്റെ കുടുംബത്തിനൊപ്പമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും പ്രതികരിച്ചു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ ഇതിനകം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ശക്തമായ നടപടികളുണ്ടാകും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കാന്‍ പഴുതടച്ച നടപടികളുണ്ടാകുമെന്നും എം ബി രാജേഷ് പറഞ്ഞു.

തൊഴില്‍ തേടിയെത്തിയ അഥിതി തൊഴിലാളിയെയാണ് ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമാണെന്നും മന്ത്രി ആരോപിച്ചു. ബംഗ്ലാദേശി എന്ന ചാപ്പ കുത്തല്‍, വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നുമുണ്ടാകുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തിക്കൊണ്ടിരിക്കുന്ന വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണ്‍ എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

Be the first to comment

Leave a Reply

Your email address will not be published.


*