‘ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വേണം’, സീറ്റില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

തൃശൂര്‍: മുസ്ലിം ലീഗിന്റെ കൈവശമുള്ള ഗുരുവായൂര്‍ സീറ്റ് നോട്ടമിട്ട് കോണ്‍ഗ്രസ്. ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒരാള്‍ നിയമസഭയിലേയ്ക്ക് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. ഗുരുവായൂര്‍ സീറ്റ് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ലീഗ് ജില്ല പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

വര്‍ഷങ്ങളായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യുഡിഎഫിന് വിജയിക്കാനായിരുന്നില്ല. ഇതുകൊണ്ടുകൂടിയാണ് കോണ്‍ഗ്രസ്സ് സീറ്റ് ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ടാജറ്റ് കൂട്ടിച്ചേര്‍ത്തു. ഗുരുവായൂരില്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ആരും സ്വീകാര്യനാണ്. കെ മുരളീധരന്‍ വിജയസാധ്യത ഇല്ലാത്ത ആളല്ലെന്നും ടാജറ്റ് സൂചിപ്പിച്ചു. ഇക്കാര്യത്തില്‍ നിലവില്‍ ചര്‍ച്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും ജില്ല കോണ്‍ഗ്രസ്സ് നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ തൃശൂരില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*