50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും; നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന.അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും.ഓരോ മണ്ഡലവും പ്രത്യേകം പഠിക്കും. മണ്ഡലങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് വിജയ സാധ്യതയും മെറിറ്റും പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിക്കും. മിഷൻ 2026 പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിക്കാനാണ് നീക്കം.

വലിയ മാറ്റങ്ങൾ ആവശ്യം വരുന്നില്ലാത്തതിനാൽ ഇത് സുഗമമായ പ്രക്രിയ ആയിരിക്കും. സിപിഐഎമ്മിൽനിന്ന് വ്യത്യസ്തമായി, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്, സതീശൻ പറഞ്ഞു.സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾകൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശൻ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*