ശബരിമല വിഷയം തിരിച്ചടിയായോ എന്ന് ചോദ്യം; തുറന്ന് പറയാന്‍ മടിച്ച് എം വി ഗോവിന്ദന്‍; ‘പ്രചാരവേലകള്‍ കൊണ്ട് പ്രതിപക്ഷം ആഗ്രഹിച്ച ഫലമുണ്ടായില്ല’

തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം എല്‍ഡിഎഫിന് തിരിച്ചടിയായിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫും ബിജെപിയും ശക്തമായ കള്ളപ്രചാരവേല നടത്തിയെങ്കിലും അവരുടെ പരിശ്രമം ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. എങ്കിലും അവര്‍ ആഗ്രഹിച്ച ഫലമുണ്ടാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല തിരിച്ചടിയായോ എന്ന തുറന്നു പറയാന്‍ മടിച്ച സിപിഎം സംസ്ഥാന സെക്രട്ടറി പക്ഷേ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വിശ്വാസത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിച്ചു എന്ന് തുറന്നു സമ്മതിക്കുന്നു.ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എ പത്മകുമാറിന്റെയും എന്‍ വാസുവിന്റേയും പങ്കിനെ പറ്റി വ്യക്തതയില്ലാതെ സംഘടന നടപടി എടുക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ക്ഷേമ പദ്ധതികളിലെ അമിത ആത്മവിശ്വാസവും പ്രാദേശിക സംഘടന വീഴ്ചകളും തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ, വീടുകയറാന്‍ സിപിഐഎം തീരുമാനിച്ചു. ജനുവരി 15 മുതല്‍ 22 വരെ ഗൃഹ സന്ദര്‍ശനം നടത്തി ജനങ്ങളുമായി സംവദിക്കും.

വിജയിക്കുമെന്ന അമിതമായ ആത്മവിശ്വാസം,നഗരമേഖലയില്‍ ഉണ്ടായ സംഘടനാ ദൗര്‍ബല്യം, പ്രാദേശിക തലത്തില്‍ ഉണ്ടായ സംഘടനാ വീഴ്ചകളും തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് സിപിഐഎം വിലയിരുത്തല്‍. ഇടതുപക്ഷത്തെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരവേലയുണ്ടായി. മാധ്യമങ്ങളും ഇടതുവിരുദ്ധത പ്രചരിപ്പിച്ചു.ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും ശക്തമായ കള്ള പ്രചാര വേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*