ഹൈദരാബാദ്: 2026 ലെ ഫിഫ അന്താരാഷ്‌ട്ര മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ അഞ്ച് ഇന്ത്യൻ മാച്ച് ഒഫീഷ്യൽമാരെ കൂടി പുതുതായി ഉൾപ്പെടുത്തി. രചന കമാനി (ഗുജറാത്ത്), അശ്വിൻ കുമാർ (പുതുച്ചേരി), ആദിത്യ പുർകയസ്‌ത (ഡൽഹി) എന്നിവരെയാണ് പട്ടികയിൽ ഇടംനേടിയത്. അതേസമയം, മുരളീധരൻ പാണ്ഡുരംഗൻ (പുതുച്ചേരി), പീറ്റർ ക്രിസ്റ്റഫർ (മഹാരാഷ്ട്ര) എന്നിവരെ അസിസ്റ്റന്‍റ് റഫറിമാരായും നിയമിച്ചു. ഫിഫ പട്ടികയിൽ ഇടം നേടിയതിനൊപ്പം അശ്വിൻ കുമാറും ആദിത്യ പുർകയസ്തയും മലേഷ്യയിലെ ക്വാലാലംപൂരിൽ അവരുടെ എഎഫ്‌സി റഫറി അക്കാദമി കോഴ്‌സും പൂർത്തിയാക്കി.
രചന കമാനി നിലവിൽ ഇതേ കോഴ്‌സ് ചെയ്‌തുകൊണ്ടിരിക്കുകയാണ്. 2026 ലെ ഫിഫ പട്ടികയിൽ ഇന്ത്യയിൽ നിന്ന് 19 മാച്ച് ഒഫീഷ്യലുകളാണ് ഉൾപ്പെട്ടത്. അതേസമയം 2026 ഫിഫ ലോകകപ്പിനുള്ള നറുക്കെടുപ്പ് ജോൺ എഫ്. കെന്നഡി സെന്‍ററില്‍ നടന്നു. ഇതാദ്യമായി ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കും. യുഎസ്എ, മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിലുമായി അടുത്ത വർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ്.
കഴിഞ്ഞ ലോകകപ്പിലെ മികച്ച ടീമുകളിലൊന്നായ മൊറോക്കോ, ബ്രസീലിനൊപ്പം ഗ്രൂപ്പ് സിയിൽ ഇടം നേടിയതോടെ ഗ്രൂപ്പിലുള്ള സ്കോട്ട്ലൻഡും ഹെയ്‌തിയും കടുത്ത സമ്മർദ്ദത്തിലായി. ഇംഗ്ലണ്ടും ക്രൊയേഷ്യയും ഗ്രൂപ്പ് എൽ-ൽ ഒന്നിച്ചു. കിരീടത്തിനായി വെല്ലുവിളി ഉയർത്താൻ കഴിവുള്ള രണ്ട് ടീമുകളാണിവ. ഘാനയ്ക്കും പനാമയ്ക്കും ഈ ഗ്രൂപ്പിൽ നിന്ന് മുന്നേറുന്നത് ഒരു പ്രധാന വെല്ലുവിളിയായിരിക്കും.
യൂറോപ്യൻ പ്ലേ ഓഫിലൂടെ ഇറ്റലി മുന്നേറുകയാണെങ്കിൽ, ഗ്രൂപ്പ് ബിയിൽ കാനഡ, ഖത്തർ, സ്വിറ്റ്സർലൻഡ് എന്നിവരോടൊപ്പം ചേരും. ഈ ഗ്രൂപ്പിൽ നിന്ന് ഏതൊക്കെ ടീമുകൾ മുന്നേറുമെന്ന് വളരെ അനിശ്ചിതത്വത്തിലാണ്. ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരത്തിൽ മെക്‌സിക്കോ സ്വന്തം മണ്ണിൽ ദക്ഷിണാഫ്രിക്കയെ നേരിടും. ഡെൻമാർക്ക്, നോർത്ത് മാസിഡോണിയ, ചെക്ക് റിപ്പബ്ലിക്, അയർലൻഡ് എന്നിവ തമ്മിലുള്ള പ്ലേ-ഓഫിലെ വിജയിക്കൊപ്പം ദക്ഷിണ കൊറിയയും ഗ്രൂപ്പ് എയിലാണ്.
2026 ലെ ഫിഫ അന്താരാഷ്‌ട്ര മാച്ച് ഒഫീഷ്യൽമാരുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാർ:
റഫറിമാർ: വെങ്കിടേഷ് ആർ, ഹരീഷ് കുണ്ടു, സെന്തിൽ നാഥൻ ശേഖരൻ, ക്രിസ്റ്റൽ ജോൺ, അശ്വിൻ കുമാർ, ആദിത്യ പുർക്കയസ്‌ത, രഞ്ജിതാ ദേവി ടെക്‌ചാം, രചന ഹസ്മുഖ്ഭായ് കമാനി.
അസിസ്റ്റൻ്റ് റഫറിമാർ: വൈരമുത്തു പരശുരാമൻ, സുമന്ത ദത്ത, അരുൺ ശശിധരൻ പിള്ള, ഉജ്ജൽ ഹൽദർ, മുരളീധരൻ പാണ്ഡുരംഗൻ, ദിപേഷ് മനോഹർ സാവന്ത്, സൗരവ് സർക്കാർ, ക്രിസ്റ്റഫർ പീറ്റർ, റിയോഹ്ലാംഗ് ധർ, ഇലങ്‌ബാം ദേബാല ദേവി.
ഫുട്‌സാല്‍ റഫറി: വിശാൽ മഹേന്ദ്രഭായ് വാജ.



Be the first to comment