തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി കേസ് അന്വേഷിക്കുന്ന എസ്‌ഐടി തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കിയ കഥയാണ് ചോദ്യം ചെയ്യലെന്നായിരുന്നു അടൂര്‍ പ്രകാശിന്റെ പരാമര്‍ശം.
കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന എസ്‌ഐടി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും ഹൈക്കോടതി മുമ്പാകെ തന്നെയാണ്. അതിന്റെ വിവരങ്ങള്‍ പുറത്തേക്ക് പോകരുതെന്നും കര്‍ക്കശമായ കോടതി നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനോ പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ലെന്നും തീര്‍ത്തും അടിസ്ഥാനരഹിതമായ വ്യാജ പ്രചാരണമാണ് യുഡിഎഫ് കണ്‍വീനറുടേതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്താനാണ് അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യാന്‍ എസ്‌ഐടി തീരുമാനിച്ചത്. പോറ്റിയും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെട്ട ചിത്രത്തിന്റെ വസ്തുതയും തേടും. പോറ്റി ന്യൂഡല്‍ഹിയില്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചപ്പോള്‍ ഒപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയുമുണ്ടായിരുന്നു. ആന്റോ ആന്റണിയെയും ചോദ്യംചെയ്യാനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട്. പോറ്റി സോണിയ ഗാന്ധിയെ ഒന്നിലേറെ തവണ സന്ദര്‍ശിച്ചതിന്റെയും ഉപഹാരങ്ങള്‍ കൈമാറുന്നതിന്റെയും കൈയില്‍ ചരട് കെട്ടിക്കൊടുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിലും വ്യക്തത വരുത്തും.
ശബരിമല സ്വര്‍ണമോഷണ കേസില്‍ ഇതുവരെ 10 പേരാണ് അറസ്റ്റിലായി ജയിലിലുള്ളത്. ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി. ഇയാള്‍ക്കും കേസില്‍ അറസ്റ്റിലായ, ദേവസ്വം ബോര്‍ഡ് മുന്‍ ജീവനക്കാരായ മറ്റു ആറുപേര്‍ക്കും കോണ്‍ഗ്രസുമായി ബന്ധമുണ്ട് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.



Be the first to comment