തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട് ഇങ്ങനെയുള്ള അമിട്ടുകള്‍ ഒക്കെ പൊട്ടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇതിലൊന്നും വലിയ കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇങ്ങനെയുള്ള പല കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷക്കാലം ഒന്നും ചെയ്തില്ലല്ലോ. ഇപ്പോ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇത്തരം കാര്യങ്ങളൊക്കെ അവര്‍ ചെയ്യും. ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാന്‍ നോക്കുകയാണ്. പിണറായി വിജയന്റെ ഓലപ്പാമ്പ് കണ്ട് ഇവിടെ ആരും പേടിക്കാനില്ല. ഏത് അന്വേഷണം വേണമെങ്കിലും നടക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് തന്നെ അന്ന് പറഞ്ഞിട്ടുണ്ട്. ഇതിലൊന്നും വലിയ കഥയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഇനി ഇതുപോലുള്ള കേസുകളൊക്കെ ഉയര്‍ന്നു വരും. കോണ്‍ഗ്രസ് നേതാവ് സുബ്രഹ്മണ്യനെ പോലീസ് പിടിച്ചുകൊണ്ടുപോയത് വലിയ കാര്യമുള്ള കേസാണോ?. ഇതുപോലുള്ള പലതും ഇനിയും വരും. ഇതൊന്നും ഞങ്ങള്‍ വലിയ ഗൗരവത്തില്‍ എടുക്കുന്നു പോലുമില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഡി സതീശനെതിരായ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും, ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.



Be the first to comment