‘പ്രതിപക്ഷ നേതാവിനെതിരായ പടയൊരുക്കത്തെ നേരിടാൻ താനും തന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

പ്രതിപക്ഷ നേതാവ് വി ഡി സതീശന് പൂര്‍ണ പിന്തുണയുമായി യുഡിഎഫിന്‍റെ അസോസിയേറ്റ് അംഗം പി വി അൻവര്‍. പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി വൈരാഗ്യ ബുദ്ധിയോടെ നീങ്ങുന്നു എന്ന് പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു. പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയിൽ വിദേശനാണയ ചട്ടം ലംഘനം നടന്നുവെന്ന് ചൂണ്ടികാട്ടി വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ നൽകിയ വിജിലന്‍സ് നീക്കത്തിനെതിരെയാണ് പി വി അൻവർ രംഗത്തെത്തിയത്.

കഴിഞ്ഞ നാലര വർഷം പ്രതിപക്ഷ നേതാവ് അതേ കസേരയിൽ ഇരുന്നിട്ടും തോന്നാത്ത ഒരു “അന്വേഷണ താൽപര്യം” ഇപ്പോൾ തോന്നാനുള്ള ചേതോവികാരം മലയാളിക്ക് അറിയാം. മുഖ്യമന്ത്രി പ്രതിസന്ധിയിലാകുമ്പോൾ അദ്ദേഹത്തിൻ്റെ പ്രതിയോഗികൾക്കെതിരെ കേസുകളും അന്വേഷണങ്ങളും ആരോപണങ്ങളും വരും.ഇക്കാര്യം അറിയുന്ന ആളുകളിൽ മുൻപന്തിയിൽ ആണ് താൻ. ഇടതുമുന്നണി വിട്ട ശേഷം തനിക്കെതിരെ ബോധപൂർവം സംസ്ഥാനത്ത് ഉടനീളം കേസുകൾ രജിസ്റ്റർ ചെയ്തു.പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എതിരെ വരുന്ന ഏത് ആക്രമണങ്ങളെയും നേരിടാനും ചെറുത്തുതോൽപ്പിക്കാനും,ഞാനും എൻ്റെ പ്രസ്ഥാനവും സദാസമയവും സജ്ജമായിരിക്കും എന്നതാണ് ഈ വിഷയത്തിൽ എനിക്ക് പറയാനുള്ളത്.

രാജാവ് പ്രതിസന്ധിയിലാകുമ്പോൾ അതിർത്തിയിൽ യുദ്ധങ്ങൾ ഉണ്ടാകും എന്നത് കണക്കെ.ഈ സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോൾ വാർത്തകളും കേസുകളും ആരോപണങ്ങളും പ്രതിപക്ഷത്തിനെതിരെ ഇനിയും ഉണ്ടാകും എന്ന് തിരിച്ചറിയാൻ വിവേകമുള്ള സമൂഹമാണ് കേരളമെന്നും ഫേസ്ബുക്കിൽ പി വി അൻവർ കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*