വി കെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ പാർട്ടിക്കുണ്ടായത് കനത്ത നഷ്ടമെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. പാർട്ടിയുടെ മതേതര മുഖവും ഹൃദയങ്ങളിലേക്ക് സ്നേഹപ്പാലം പണിത വ്യക്തിയുമാണ് വി കെ ഇബ്രാഹിം കുഞ്ഞെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
വി.കെ ഇബ്രാഹിം കുഞ്ഞിനോടുള്ള ആദരസൂചകമായി പാർട്ടിയുടെയും പോഷക സംഘടനകളുടെയും മൂന്ന് ദിവസത്തെ (2025 ജനുവരി 6,7,8 ചൊവ്വ, ബുധൻ, വ്യാഴം) പൊതുപരിപാടികൾ മാറ്റിവെച്ചതായി മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം അറിയിച്ചു.
എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 74 വയസായിരുന്നു. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.



Be the first to comment