വയനാട് തുരങ്കപാത: മലതുരക്കാൻ വമ്പൻ യന്ത്രങ്ങളെത്തി; നിർമാണം ഈ മാസം അവസാനം തുടങ്ങും

കോഴിക്കോട്: വയനാടിൻ്റെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത പദ്ധതി അതിവേഗം ലക്ഷ്യത്തിലേക്ക്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കൂറ്റൻ പാറ തുരക്കുന്ന രണ്ട് ഡ്രില്ലിങ് റിഗ്ഗുകൾ പദ്ധതി പ്രദേശമായ മറിപ്പുഴയിൽ എത്തിച്ചു. ഈ മാസം അവസാനത്തോടെ തുരങ്കം നിർമിക്കുന്ന പ്രവൃത്തികൾ ആരംഭിക്കുമെന്ന് കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ അധികൃതർ അറിയിച്ചു.

നിലവിൽ തുരങ്ക കവാടത്തിലെ പാറകൾ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തുരങ്ക മുഖം നിരപ്പാക്കിയാൽ മാത്രമേ യന്ത്രങ്ങൾ ഉപയോഗിച്ച് പാറ തുരക്കാൻ കഴിയു. നിലവിൽ 12 മണിക്കൂർ വീതമാണ് ജോലികൾ നടക്കുന്നത്. എന്നാൽ തുരങ്ക നിർമാണം ആരംഭിക്കുന്നതോടെ പദ്ധതി പ്രദേശത്ത് പല ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവൃത്തി തുടരും.

പദ്ധതി പ്രദേശത്ത് തൊഴിലാളികൾക്ക് താമസിക്കാനുള്ള ഷെൽട്ടർ നിർമാണം പൂർത്തിയായി വരുന്നു. പാറ പൊട്ടിക്കുന്ന ക്രഷർ യൂണിറ്റ് ഉടനെ സജ്ജമാക്കും. കുണ്ടൻതോടിൽ കരാർ കമ്പനി പാട്ടത്തിനെടുത്ത 28 ഏക്കർ സ്ഥലത്താണ് ഇവ ക്രമീകരിക്കുന്നത്. ലേബർ ക്യാംപ്, ഓഫിസ് കാബിൻ, വർക്ക് ഷോപ്പ്, ക്രഷർ യൂണിറ്റ് എന്നിവയുടെ നിർമാണം ഉടനെ പൂർത്തിയാകും. മറിപ്പുഴയ്ക്കു കുറുകെ താൽക്കാലിക നാല് വരി ആർച്ച് സ്റ്റീൽ പാലത്തിൻ്റെ നിർമാണവും ആരംഭിച്ചു കഴിഞ്ഞു. ഇതിൻ്റെ കരാർ എടുത്തത് പുനിയ കൺസ്ട്രക്ഷൻ കമ്പനിയാണ്.

പാലത്തിൻ്റെ നാല് പില്ലറുകളുടെ നിർമാണമാണ് പുഴയിൽ ആരംഭിച്ചത്. മുത്തപ്പൻപുഴയിൽ സർക്കാർ ഏറ്റെടുത്ത 14 ഏക്കർ സ്ഥലം നിരപ്പാക്കി. ഇവിടെയാണ് തുരങ്കത്തിൽ നിന്ന് പുറത്ത് എടുക്കുന്ന കല്ലുകൾ നിക്ഷേപിക്കുന്നത്.

പദ്ധതിക്കെതിരെ പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് സമർപ്പിച്ച ഹർജി 2025 ഡിസംബർ 16-ന് കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ നിയമപരമായ തടസ്സങ്ങൾ പൂർണമായും നീങ്ങി. 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്ക പാത ഇന്ത്യയിലെ നീളം കൂടിയ മൂന്നാമത്തെ തുരങ്ക പാതയായിരിക്കും. കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് (KRCL) പദ്ധതിയുടെ നിർവഹണ ഏജൻസി. ഏകദേശം 2134 കോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. നിർമാണം ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് പ്രതികരിച്ചു.

2006 ലാണ് തുരങ്കപാത എന്ന ആശയം ഉയരുന്നത്. 2020 തില്‍ ഭരണാനുമതി ലഭിച്ച ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് 2025 ജൂണിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചു. അപ്രോച്ച് റോഡ് ഉള്‍പ്പെടെ 8.73 കിലോ മീറ്ററാണ് പദ്ധതിയുടെ ദൈര്‍ഘ്യം. ഇതില്‍ കോഴിക്കോട് മറിപ്പുഴ മുതല്‍ വയനാട് മീനാക്ഷിപ്പാലം വരെ 8.11 കിലോമീറ്ററാണ് തുരങ്കം.

വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല സ്റ്റേറ്റ് ഹൈവോയുമായിട്ടാണ് തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് തുരങ്കത്തിൻ്റെ കോഴിക്കോട് ഭാഗത്തെ മറിപ്പുഴയെ ബന്ധിപ്പിക്കുന്നത്. ഇരുവഴഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിനാണ് നിര്‍മാണ ചുമതല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നടത്തിപ്പ് നിര്‍വഹണ ഏജന്‍സി.

Be the first to comment

Leave a Reply

Your email address will not be published.


*