ചെന്നൈ: ഷൂട്ടിങ്ങിനിടെ നടൻ എസ് ജെ സൂര്യയ്ക്ക് ഗുരുതര പരിക്ക്. കില്ലർ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടന്റെ കാലിന് പരിക്കേറ്റത്. ചെന്നൈയിലെ പാലവാക്കത്ത് നടക്കുന്ന കില്ലറിന്റെ മൂന്നാമത്തെ ഷെഡ്യൂളിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനിടെയാണ് നടൻ അപകടത്തിൽപ്പെട്ടത്. മുകളിൽ നിന്ന് റോപ്പിലൂടെ ഇറങ്ങവെ, കാല് തെന്നി ഒരു സ്റ്റീൽ കമ്പിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
സൂര്യയുടെ രണ്ട് കാലിലും വിവിധയിടങ്ങളിൽ പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഉടൻ തന്നെ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടന്റെ രണ്ട് കാലുകളിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നുവെന്നും അത് തുന്നിച്ചേർത്തുവെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു.
നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണ്. കുറഞ്ഞത് 15 ദിവസമെങ്കിലും നടന് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. എസ് ജെ സൂര്യ പരിക്കിൽ നിന്ന് മുക്തനാകുന്നതുവരെ കില്ലറിന്റെ ഷൂട്ട് നിർമാതാക്കൾ നിർത്തി വച്ചു.
എസ് ജെ സൂര്യ തന്നെയാണ് കില്ലർ സംവിധാനം ചെയ്യുന്നതും തിരക്കഥയൊരുക്കിയിരിക്കുന്നതും. പ്രീതി അസ്രാണി ആണ് ചിത്രത്തിൽ നായികയായെത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. എആർ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.



Be the first to comment