വയനാട് ദുരന്തബാധിതർക്കുള്ള കോൺഗ്രസ് സഹായം; 100 വീട് പണിയാൻ മൂന്നിടങ്ങളിൽ ആയി സ്ഥലം, തറക്കല്ലിടൽ ഉടൻ; വയനാട് ഡിസിസി പ്രസിഡന്റ്

കോൺഗ്രസിന്റെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള ഭവന പദ്ധതി, വീട് നിർമ്മിക്കാനുള്ള സ്ഥലം രജിസ്ട്രേഷൻ ഈ മാസം 14നെന്ന് വയനാട് DCC പ്രസിഡന്റ് ടി ജെ ഐസക്. മൂന്നേകാൽ ഏക്കറാണ് ആദ്യഘട്ടം എന്ന നിലയിൽ രജിസ്റ്റർ ചെയ്യുന്നത്. ഭവന പദ്ധതിയുടെ തറക്കല്ലിടൽ ഉടൻ തന്നെയെന്ന് ഡിസിസി പ്രസിഡൻറ് ടി ജെ ഐസക്ക് വ്യക്തമാക്കി.

മേപ്പാടി പഞ്ചായത്തിലാണ് സ്ഥലം കണ്ടെത്തിയത്. നൂറു വീട് പണിയാൻ മൂന്നിടങ്ങളിൽ ആയാണ് സ്ഥലം കണ്ടത്തിയത്. തോട്ടഭൂമി ആണോ എന്നത് ഉൾപ്പെടെയുള്ള എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് സ്ഥലം രജിസ്റ്റർ ചെയ്യുന്നതെന്നും ടി ജെ ഐസക്ക് പറഞ്ഞു.

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ അടുത്തയാഴ്ച അടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

ദുരന്തബാധിതരുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഉറപ്പുനൽകിയ പല കാര്യങ്ങളും തങ്ങൾ നടപ്പിലാക്കി എന്നും സതീശൻ അവകാശപ്പെട്ടു. രാഹുൽ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ 100 വീടുകൾക്ക് പണം കൈമാറി. ലീഗ് നൽകുന്ന 100 വീടുകളുടെ നിർമാണം നടക്കുകയാണ്. ബാക്കിയുള്ളത് ഇനി 200 വീടുകളാണ്. അടുത്തയാഴ്ച സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞാൽ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കും.

അപ്പോൾ 300 വീടായി. ആകെ 400 വീടുകളിൽ 300 വീടുകളും യുഡിഎഫ് ആണ് നിർമിക്കുന്നത് എന്നും സതീശൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പിരിച്ചെടുത്ത ഒരു കോടി രൂപ കെപിസിസിക്ക് അടുത്ത ദിവസം കൈമാറുമെന്നും സതീശൻ വ്യക്തമാക്കി. ഭൂമി കണ്ടെത്താനാകാത്തത് സർക്കാർ കാരണമാണെന്നും സതീശൻ കുറ്റപ്പെടുത്തി. സർക്കാരിന് ഭൂമി കണ്ടെത്താൻ ഒരു വർഷം എടുത്തപ്പോൾ തങ്ങൾക്ക് മൂന്ന് മാസമെടുക്കാൻ പാടില്ലേ എന്നും സതീശൻ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*