ന്യൂഡല്‍ഹി: ഇക്കൊല്ലം ഇന്ത്യന്‍ റെയില്‍വേയ്ക്ക് പരിഷ്ക്കാരങ്ങളുടെ വര്‍ഷമായിരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. 52 വാരങ്ങള്‍, 52 പരിഷ്ക്കാരങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഒരു വര്‍ഷം നീളുന്ന പരിഷ്ക്കാരങ്ങള്‍ക്ക് റെയില്‍വേ തുടക്കമിട്ടിരിക്കുന്നത്. സുസ്ഥിര, ക്രമാനുഗത മാറ്റമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.
ഓരോ ആഴ്‌ചയിലും ഓരോ വന്‍കിട പരിഷ്‌ക്കാരമാണ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണം, സുരക്ഷ, സിഗ്‌നലിങ്, സ്റ്റേഷന്‍ മാനേജ്‌മെന്‍റ്, ഗുണനിലവാരം, ആരോഗ്യ സംവിധാനങ്ങള്‍ തുടങ്ങിയ സുപ്രധാന മേഖലകളിലൂന്നിയാകും പരിഷ്‌ക്കാരങ്ങള്‍.
ഈ പരിഷ്‌ക്കാരങ്ങള്‍ റെയില്‍വേയ്ക്ക് പുത്തന്‍ വികസനം നല്‍കുമെന്ന് വൈഷ്‌ണവ് പറഞ്ഞു. സാങ്കേതികതയ്ക്കും നൂതനതയ്ക്കുമായി പുത്തന്‍ ഘടനാപരമായ മാര്‍ഗങ്ങള്‍ വികസിപ്പിക്കും. ഇത്തരം രീതികള്‍ റെയില്‍വേയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ ചേര്‍ത്ത് കൊണ്ടും യുവചിന്തകള്‍ ഉള്‍ക്കൊള്ളിച്ചുമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോളനിവത്ക്കരണ കാലത്തെ മാനസികാവസ്ഥകള്‍ എടുത്ത് മാറ്റുന്നതിനായി പ്രതീകാത്മകവും നിര്‍ണായകവുമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥരുടെ പരമ്പരാഗത കറുത്ത കോട്ട് ഒഴിവാക്കും. ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ താത്‌പര്യമനുസരിച്ച് വസ്‌ത്രം ധരിക്കാം.
റെയില്‍വേയില്‍ കോളനിവാഴ്‌ചക്കാലത്തിന്‍റെ അവശിഷ്‌ടങ്ങള്‍ ഇപ്പോഴും കൊണ്ടു നടക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്‌തു. വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനെ നാം എന്ത് കൊണ്ടാണ് ഇപ്പോഴും വാള്‍ട്ടെയ്‌ര്‍ എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു. മാറ്റത്തിന്‍റെ കാഴ്‌ചപ്പാടുകള്‍ വിശദീകരിക്കവെ ആറ് സുപ്രധാന പോയിന്‍റുകള്‍ അദ്ദേഹം അടിവരയിട്ടു.
ഉപഭോക്തൃസേവനം, അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണം, ഗുണനിലവാരം കൈകാര്യം ചെയ്യല്‍, ആരോഗ്യ സംവിധാനം തുടങ്ങിയവയ്ക്ക് ശക്തമായ ഊന്നല്‍ നല്‍കുന്നതും വിശ്വാസ്യതയിലും നടപ്പാക്കലിലും വേഗതയ്ക്കും പ്രാമുഖ്യം നല്‍കും. വ്യാപകമായി സാങ്കേതികത, നൂതനത, നിര്‍മ്മിത ബുദ്ധി തുടങ്ങിയവ സ്വീകരിക്കും. പുതുതലമുറ ട്രെയിനുകളും അത്യാധുനിക ട്രാക്ക് സംവിധാനവും കൊണ്ടുവരും. ആധുനിക സിഗ്‌നലിങ് സംവിധാനം, സ്‌മാര്‍ട്ടര്‍ മെയിന്‍റനന്‍സ് നടപടികള്‍ തുടങ്ങിയവയും റെയില്‍വെയുടെ വിശ്വാസ്യതയും ഉത്പാദന ക്ഷമതയും ലക്ഷ്യമിട്ട് നടപ്പാക്കും.
അറ്റകുറ്റപ്പണികളുടെ നിലവാരത്തില്‍ അടിമുടി അഴിച്ച് പണിയുണ്ടാകും. കാലഹരണപ്പെട്ട രീതികള്‍ പൂര്‍ണമായും ഒഴിവാക്കും. ഇത് ചിലപ്പോള്‍ ഹ്രസ്വകാല ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. എന്നാല്‍ ദീര്‍ഘകാല സുരക്ഷിതത്വത്തിനും മികച്ച പ്രകടനത്തിനുമായി ഇത്തരം മാറ്റങ്ങള്‍ ഒഴിച്ച് കൂടാനാകാത്തതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും മന്ത്രി ഊന്നിപ്പറഞ്ഞു. മികച്ച പരിശീലനത്തിനത്തിലൂടെയും അച്ചടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെയും സാങ്കേതികത ഉപയോഗിച്ചും ഓരോതലത്തിലും ദൈനംദിന പരിശോധനകള്‍ നടത്തിയും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കും.
ഇതിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിശീലനവും കഴിവ് പരിപോഷിപ്പിക്കലും. നിരന്തര നൈപുണ്യ വികസനം നിര്‍ബന്ധിതമാക്കും. തൊഴില്‍ ഉയര്‍ച്ചയ്ക്ക് പരിശീലനവും സംയോജിപ്പിക്കും. ആധുനിക ഉപകരണങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് കാര്യക്ഷമവും ഭാവിയിലേക്ക് ഉപകരപ്രദവുമായ തൊഴില്‍ സേന കെട്ടിപ്പടുക്കും.
സ്റ്റാര്‍ട്ടപ്പുകളെയും നൂതന സംരംഭകരയും റെയില്‍ വേയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കേണ്ടത് പ്രധാനമാണ്. ഒപ്പം റെയില്‍വേ ജീവനക്കാരും പരിഷ്‌ക്കരണങ്ങള്‍ക്ക് സംഭാവന നല്‍കണം. ഇന്ത്യന്‍ റെയില്‍വേയെ ആഗോളതലത്തില്‍ മികച്ച സ്ഥാനത്തേക്ക് എത്തിച്ച് കൊണ്ട് ഇന്ത്യയുടെ 2047 വികസിത രാഷ്‌ട്രമെന്ന സ്വപ്‌നത്തിന് നെടുതൂണാക്കുക എന്നതാണ് ലക്ഷ്യം.എഴുപതാമത് അതി വിശിഷ്‌ട് റെയില്‍ സേവ പുരസ്‌കാര്‍ ഡല്‍ഹിയിലെ യശോഭൂമിയില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു. നൂറ് ഉദ്യോഗസ്ഥര്‍ക്കും മികച്ച 26 സോണുകള്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു.



Be the first to comment