ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്.ഐ.ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ഇതിന് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ രാജീവ് ചന്ദ്രശേഖർ ഉയർത്തിക്കാട്ടി. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെട്ട കുറവാ സംഘം ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
എസ്.ഐ.ടി നീക്കം സംശയകരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും പറഞ്ഞു. കടകംപള്ളിക്കും പ്രശാന്തിനും എതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ഭണ്ഡാരം സൂക്ഷിക്കാൻ തന്ത്രിക്ക് അധികാരമില്ലെന്നും, തന്ത്രിക്ക് സാമ്പത്തിക സഹായം ലഭിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്നും, സോണിയ ഗാന്ധിക്ക് മന്ത്രച്ചരട് കെട്ടിയ വിഷയത്തിൽ സതീശൻ ഒന്നും പറഞ്ഞില്ലെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു. സോണിയ ഗാന്ധിയുടെ മൊഴി എന്തുകൊണ്ട് എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.



Be the first to comment