ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന നടത്തുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെയാണ് ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയവെ അദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുന്നത്. തുടർന്ന് സ്‌പെഷ്യൽ സബ് ജയിലിൽ നിന്ന് ജനറൽ ആശുപത്രിയിലേക്ക് അദേഹത്തെ എത്തിച്ചു. പിന്നാലെ ഉയർ രക്തസമ്മർദ്ദത്തെ തുടർന്ന് വിശദ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ ഉയർന്ന രക്ത സമ്മർദ്ദം സ്ഥിരീകരിച്ചതോടെയാണ് കണ്ഠരര് രാജീവരെ ഐസിയുവിലേക്ക് മാറ്റിയത്. മെഡിക്കൽ പരിശോധനകൾ നടത്തിവരികയാണ്. പരിശോധനകൾക്ക് ശേഷം മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കുക.
തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്‌ഐടി സംഘം പരിശോധന നടത്തുകയാണ്. സ്വർണാഭരണങ്ങൾ പരിശോധിക്കാനായി വീട്ടിൽ സ്വർണപ്പണിക്കാരനെ എത്തിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് എസ്ഐടി നീക്കം. ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.അതിനിടെയാണ് തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.



Be the first to comment