ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയിൽ തുടരുന്നു

 

ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവര് ചികിത്സയിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ MICU ഒന്നിലാണ് തന്ത്രിയുള്ളത്. തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്നതിനിടെ ഇന്നലെ നടന്ന വൈദ്യ പരിശോധനയിൽ ബിപിയിൽ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

ഡോക്ടർമാർ പരിശോധിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് അറിയിച്ചാൽ ഉടനെ തന്ത്രിയെ പൂജപ്പുര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും. ശേഷം നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.

ആലപ്പുഴയിലെ തന്ത്രിയുടെ വീട്ടിലെ പരിശോധന 8 മണിക്കൂർ നീണ്ടു. രാത്രി വൈകി അവസാനിപ്പിച്ച പരിശോധന ഇന്നും തുടരാനാണ് സാധ്യത. ദേവന്റെ അനുവാദം വാങ്ങാതെയും താന്ത്രിക നടപടികൾ പാലിക്കാതെയുമാണ് പാളികൾ കൈമാറുന്നതെന്നു തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിനെ അറിയിച്ചില്ലെന്നാണ് എസ്.ഐ.റ്റി റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നത് തടഞ്ഞില്ലെന്നും എസ്.ഐ.റ്റി പറഞ്ഞിരുന്നു.ദേവസ്വം മാനുവൽ പ്രകാരം വിലപിടിപ്പുള്ള വസ്തുക്കൾ ക്ഷേത്രത്തിനു പുറത്തു കൊണ്ട് പോകാൻ പാടില്ലെന്നും തന്ത്രിക്ക് അറിയാം.

ശ്രീകോവിൽ സ്വർണം പൂശുമ്പോൾ തന്ത്രി സ്ഥാനം വഹിച്ച കണ്ഠരര് രാജീവർക്ക് പാളികളിലും സ്വർണ്ണം പതിച്ചതാണെന്നു വ്യക്തമായി അറിയാമായിരുന്നിട്ടും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത് വിട്ടു നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് എസ്.ഐ.റ്റി വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടോ എന്നുള്ളത് എസ്.ഐ.റ്റി പരിശോധിക്കുന്നത്.വിശദമായ ചോദ്യം ചെയ്യലിന് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.തന്ത്രിക്ക് പിന്നാലെ ഇനി അന്വേഷണം നീളുന്നത് ആരിലേക്കെന്നും ആകാംക്ഷയുണ്ടാക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*