ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം തടഞ്ഞുവെന്ന് കോണ്‍ഗ്രസിനെയും നെഹ്റുവിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമപ്പെട്ട മനസ് ആണ് സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം തടയാന്‍ കാരണം എന്നും മോദി പറഞ്ഞു. സോമനാഥ് സ്വാഭിമാന്‍ പര്‍വ്വ് ആഘോഷങ്ങളില്‍ പങ്കെടുത്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ആഘോഷങ്ങളുടെ ഭാഗമായുള്ള ശൗര്യ യാത്ര പ്രധാനമന്ത്രി നയിച്ചു. ക്ഷേത്രത്തില്‍ ആരാധനയും നടത്തി.
ആദ്യ വൈദേശിക ആക്രമണത്തിന്റെ ആയിരം വര്‍ഷങ്ങള്‍ സ്മരിക്കുന്ന സോമനാഥ് ക്ഷേത്രത്തിന്റെ സ്വാഭിമാന്‍ പര്‍വ്വ് ആഘോഷങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ വിമര്‍ശനം. നിരവധി തവണ സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടു. ആക്രമണത്തിന്റെ ലക്ഷ്യം കൊള്ളയടിക്കുക ആയിരുന്നില്ല. ആക്രമണത്തിന് ശേഷം സോമനാഥ് ക്ഷേത്രം പുനര്‍നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ട സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അതില്‍ നിന്നും തടഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ക്ഷേത്രത്തെ മസ്ജിദ് ആക്കാനുള്ള ശ്രമം നടന്നു. അക്രമണങ്ങളെ വെള്ളപൂശാന്‍ ശ്രമിച്ചു. ക്ഷേത്രത്തിനെതിരെ നടന്ന ആക്രമണങ്ങളുടെ സത്യം മറച്ചുവെച്ചു. രാജ്യത്തിന്റെ അസ്ഥിത്വത്തിന്റെ അടയാളമാണ് സോമനാഥ് ക്ഷേത്രമെന്നും മോദി ചൂണ്ടിക്കാട്ടി.
നമ്മുടെ നാഗരികമായ കരുത്തിന്റെ അഭിമാന പ്രതീകമായ സോമനാഥില്‍ എത്തിയതില്‍ അനുഗൃഹീതനാണ്. 1026-ല്‍ സോമനാഥ ക്ഷേത്രത്തിന് നേരെയുണ്ടായ ആദ്യ ആക്രമണത്തിന് ആയിരം വര്‍ഷം തികയുന്ന വേളയില്‍ രാജ്യം മുഴുവന്‍ ഒന്നിച്ചുചേരുന്ന സോമനാഥ് സ്വാഭിമാന്‍ പര്‍വ് വേളയിലാണ് ഈ സന്ദര്‍ശനം. ഊഷ്മള സ്വീകരണത്തിന് ജനങ്ങള്‍ക്ക് നന്ദി – പ്രധാനമന്ത്രി പറഞ്ഞു.
സോമനാഥ് ക്ഷേത്രത്തിലേക്ക് 108 കുതിരകളുടെ അകമ്പടിയോടെയുള്ള ശൗര്യ യാത്ര നയിച്ചാണ് പ്രധാനമന്ത്രി എത്തിയത്. ക്ഷേത്രത്തില്‍ ആരാധന നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ന്നുള്ള ആഘോഷങ്ങളുടെയും ഭാഗമായി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഘവി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.



Be the first to comment