‘തുടരാന്‍’ റോഷിയും പ്രമോദും, ജോസിനൊപ്പം രണ്ട് എംഎല്‍എമാര്‍, മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടു തട്ടില്‍

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്കുള്ള മുന്നണി മാറ്റത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ അഭിപ്രായ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. കേരള കോണ്‍ഗ്രസിന്റെ എംഎല്‍എമാരില്‍ രണ്ടുപേര്‍ എല്‍ഡിഎഫിനൊപ്പവും രണ്ടുപേര്‍ മുന്നണി മാറ്റത്തിന് അനുകൂലവുമായ നിലപാടാണെന്നാണ് സൂചന. ഒരു എംഎല്‍എ വ്യക്തമായ നിലപാട് ഇതുവരെ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നുമാണ് വിവരം.

കേരള കോണ്‍ഗ്രസ് എമ്മിന് നിലവില്‍ അഞ്ച് എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരണമെന്ന അഭിപ്രായക്കാരാണ്. എല്‍ഡിഎഫിനൊപ്പമെന്ന സൂചനയോടെ ഇരുവരും ‘തുടരും’ എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. മുന്നണി മാറ്റമെന്നത് വെറും അഭ്യൂഹം മാത്രമാണെന്ന് റോഷി അഗസ്റ്റിന്‍ തള്ളുകയും ചെയ്തിട്ടുണ്ട്.

ജോസ് കെ മാണിയെയും കേരള കോണ്‍ഗ്രസ് എമ്മിനെയും യുഡിഎഫില്‍ തിരിച്ചെത്തിക്കാന്‍ കത്തോലിക്ക സഭയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും നേരിട്ടാണ് ഇടപെടുന്നത്. സോണിയാഗാന്ധി ജോസ് കെ മാണിയെ നേരിട്ട് വിളിച്ച് യുഡിഎഫില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടുള്ള സഭയുടെ സമ്മര്‍ദ്ദവും ജോസ് കെ മാണിയുടെ മനസ്സില്‍ മുന്നണി മാറ്റമെന്ന ആശയത്തോട് അനുകൂല സമീപനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

യുഡിഎഫ് പ്രവേശനമെന്ന ആശയത്തോട് ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കളത്തുങ്കല്‍ എന്നിവര്‍ക്ക് അനുകൂല സമീപനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കാഞ്ഞിരപ്പള്ളി എംഎല്‍എ പ്രൊഫ. എന്‍ ജയരാജ് ആണ് വ്യക്തമായ നിലപാട് പറയാത്തത്. ജോസ് കെ മാണി എടുക്കുന്ന നിലപാടിനോട് ജയരാജ് യോജിക്കുമെന്നാണ് സൂചന. യുഡിഎഫ് മനസ്സുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് എന്നാണ് മുന്നണി മാറ്റത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

പ്രതിസന്ധി ഘട്ടത്തില്‍ സഹായിച്ച എല്‍ഡിഎഫിനെ തള്ളിപ്പറയാന്‍ കഴിയാത്തതാണ് ജോസ് കെ മാണിയെ പ്രതിസന്ധിയിലാക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയും കേരള കോണ്‍ഗ്രസിനെ അലട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിനേക്കാള്‍ കനത്ത തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന ആശങ്കയുമുണ്ട്. പാര്‍ട്ടിയിലെ എംഎല്‍എമാര്‍ ചേരിതിരിഞ്ഞതും ജോസ് കെ മാണിയെ വലയ്ക്കുന്നു. മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 16 ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം വിളിച്ചു. യോഗത്തില്‍ മുന്നണി മാറ്റം ചര്‍ച്ച ചെയ്യും എന്നാണ് സൂചന.

 

Be the first to comment

Leave a Reply

Your email address will not be published.


*