സിപിഎം നേതാവും മുൻ എംഎൽഎയുമായ ഐഷാ പോറ്റി കോൺഗ്രസില്‍, കൊട്ടാരക്കരയില്‍ മത്സരിച്ചേക്കും

തിരുവനന്തപുരം: സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ അഡ്വ. ഐഷാ പോറ്റി കോൺഗ്രസില്‍. തിരുവനന്തപുരം ലോക്‌ഭവനിനു മുന്നില്‍ കെപിസിസി സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിലാണ് ഐഷാ പോറ്റി എത്തിയതും കോണ്‍ഗ്രസ് ഷാളണിഞ്ഞ് പാര്‍ട്ടിക്കൊപ്പം ചേര്‍ന്നതും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഐഷാ പോറ്റിയെ സ്വീകരിച്ചു. കോണ്‍ഗ്രസ് മെമ്പര്‍ ഷിപ്പ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഐഷ പോറ്റിക്ക് നല്‍കി. ഐഷ പോറ്റി കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയില്‍ നിന്നു നല്ല പ്രയാസങ്ങള്‍ നേരിട്ടിരുന്നെന്നു ഐഷാ പോറ്റി പറഞ്ഞു. സഹായിച്ച പ്രസ്ഥാനം തന്നെ വിഷമിപ്പിക്കുന്ന അവസ്ഥയുണ്ടായെന്നും ഐഷ പോറ്റി പറഞ്ഞു. ഇനിയും നാട്ടുകാര്‍ക്കൊപ്പമുണ്ടാകും, തന്നെ രാഷ്ട്രീയം നോക്കാതെ സ്നേഹിച്ചവരാണ് കൊട്ടാരക്കരക്കാരെന്നും ഐഷ പോറ്റി പറഞ്ഞു. താന്‍ എംഎല്‍എ ആയിരുന്ന സമയത്ത് ഒരു പിആര്‍ വര്‍ക്കും ഉണ്ടായിരുന്നില്ലെന്നും ഇനി തന്നെ വര്‍ഗ വഞ്ചക എന്നു വിളിക്കുന്നത് കേള്‍ക്കാമെന്നും ഐഷ പോറ്റി പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയെ 2006-ൽ അദ്ദേഹത്തിന്‍റെ തട്ടകമായ കൊട്ടാരക്കരയിൽ പരാജയപ്പെടുത്തിക്കൊണ്ട് ‘പടക്കുതിര’ എന്ന വിശേഷണം നേടിയാണ് ഐഷാ പോറ്റി സജീവ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായത്. 1977 മുതൽ പിള്ള അടക്കിവാണിരുന്ന മണ്ഡലം പിടിച്ചെടുത്ത അവർ 2011, 2016 വർഷങ്ങളിലും വിജയം ആവർത്തിച്ച് കൊട്ടാരക്കരയിൽ ഹാട്രിക് തികച്ചു.

എന്നാൽ, ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് മന്ത്രിസ്ഥാനത്തേക്കോ സ്പീക്കർ പദവിയിലേക്കോ പരിഗണിക്കപ്പെടാതിരുന്നതും, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതും പാർട്ടിയുമായുള്ള അകൽച്ചയ്ക്ക് കാരണമായി. പിന്നീട് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ഇവരെ ജില്ലാ, ഏരിയ കമ്മിറ്റികളിൽ നിന്ന് ഒഴിവാക്കിയെങ്കിലും നേതൃത്വത്തോടുള്ള അതൃപ്തിയാണ് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങൾ നിരീക്ഷിച്ചിരുന്നു.

അകൽച്ചയുടെ സൂചനകൾ നൽകിക്കൊണ്ട് കഴിഞ്ഞ മെമ്പർഷിപ്പ് പുതുക്കൽ സമയത്ത് ഐഷാ പോറ്റി സിപിഎം അംഗത്വം പുതുക്കിയിരുന്നില്ല. ഇതിനിടെ 2025 ജൂലൈയിൽ കൊട്ടാരക്കരയിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ എന്നിവർക്കൊപ്പം അവർ വേദി പങ്കിട്ടത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഉമ്മൻചാണ്ടിയോടുള്ള ബഹുമാനാർത്ഥമാണ് പങ്കെടുത്തതെന്നും നിലവിൽ താൻ ‘ജനപക്ഷത്താണെന്നുമാണ്’ അവർ വ്യക്തമാക്കിയിരുന്നു. കൊട്ടാരക്കര പോലുള്ള മണ്ഡലങ്ങളിൽ അവർക്കുള്ള ജനസ്വാധീനം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ ചലനങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*