ആദ്യ പോസ്റ്റില്‍ തിരുത്തല്‍, ‘ഇടതുമുന്നണിക്കൊപ്പം’ ഉള്‍പ്പെടുത്തി ജോസ് കെ മാണിയുടെ വിശദീകരണം

കോട്ടയം: കേരള കോണ്‍ഗ്രസ് ( എം ) ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ആദ്യത്തെ വിശദീകരണക്കുറിപ്പില്‍ തിരുത്തല്‍ വരുത്തി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നായിരുന്നു ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്. അരമണിക്കൂറിനു ശേഷം കുറിപ്പില്‍ തിരുത്തല്‍ വരുത്തി.

ആദ്യത്തെ പോസ്റ്റിലെ വരികള്‍ക്കിടയില്‍ ഇടതുമുന്നണി ഉള്‍പ്പെടുത്തിയാണ് ഭേദഗതി വരുത്തിയത്. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ് എന്നാക്കി തിരുത്തുകയായിരുന്നു. പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ജോസ് കെ മാണി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുള്ളതാണ്. കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന് പലവട്ടം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. ഒഴിവാക്കാനാവാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ ഉള്ളതിനാലാണ് കേരളത്തിന് പുറത്ത് ഇപ്പോള്‍ യാത്ര ചെയ്യേണ്ടി വരുന്നത്. ഇക്കാരണത്താലാണ് തിരുവനന്തപുരത്തെ ഇടതുമുന്നണി സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ഈ വിവരം മുന്നണി നേതാക്കളെ മുന്‍കൂര്‍ അറിയിച്ചിട്ടുള്ളതാണ് കൂടാതേ പാര്‍ട്ടിയുടെ മുഴുവന്‍ M.L.A മാരും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട് ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഇപ്പോള്‍ പുറമേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. സത്യം ഇതായിരിക്കേ ആരെങ്കിലും ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ബോധപൂര്‍വ്വം പാര്‍ട്ടി അസ്ഥിരപ്പെടുത്താന്‍ ഉള്ള അജണ്ടയുടെ ഭാഗമാണ്.കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടുപോകും.

Be the first to comment

Leave a Reply

Your email address will not be published.


*